ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഈ മാസം 21ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായി കോണ്ഗ്രസ് പാർലമെന്ററി പാർട്ടി യോഗം നാളെ ചേരും. പാർട്ടിയുടെ പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണു യോഗം വിളിച്ചത്. നിരവധി സംഭവവികാസങ്ങൾക്കുശേഷം നടക്കുന്ന പാർലമെന്റ് സമ്മേളനമായതിനാൽ പ്രതിപക്ഷമെന്ന നിലയിൽ സ്വീകരിക്കേണ്ട നിലപാടുകളായിരിക്കും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ "ഓപ്പറേഷൻ സിന്ദൂറി’നും ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനമായതിനാൽ സുരക്ഷാവിഷയം അടക്കമുള്ള കാര്യങ്ങൾ കേന്ദ്രസർക്കാർ എങ്ങനെ കൈകാര്യം ചെയ്തു എന്നതടക്കം ഏതു തരത്തിൽ പാർലമെന്റിൽ ഉന്നയിക്കണമെന്നതും പാർട്ടി തീരുമാനിക്കും. കാര്യങ്ങൾ വിശദീകരിക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രസർക്കാർ തയാറായിരുന്നില്ല. പിന്നാലെ വിദേശനയത്തിൽ മോദിസർക്കാർ സ്വീകരിച്ച നിലപാടുകൾ പരാജയപ്പെട്ടു എന്നതടക്കമുള്ള വിമർശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരക്കിട്ടുള്ള പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണ വിഷയവും കത്തിനിൽക്കുന്നുണ്ട്. ഇതും പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കാനാണു കോൺഗ്രസ് തീരുമാനം. കോണ്ഗ്രസ് നേതൃത്വവുമായി അകന്ന തിരുവനന്തപുരം എംപി ശശി തരൂർ വിദേശ പര്യടനത്തിലായതിനാൽ നാളെ നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ല.