ADVERTISEMENT
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ലോക്സഭയിൽ ഉയർത്തി കേരളത്തിൽ നിന്നുള്ള എംപിമാർ. സംഭവം സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, കെ. സുധാകരൻ എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് എന്നിവർ അടിയന്തരമായി ഇടപെടണമെന്ന് എംപിമാരും രാഷ്ട്രീയനേതാക്കളും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
പെണ്‍കുട്ടികളെയും സിസ്റ്റർമാരെയും പോലീസിനു പകരം ബജ്രംഗ്ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുനേരേ ഇത്തരം തീവ്ര സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരേ കേന്ദ്രസർക്കാരിന്റെ ഉടനടിയുള്ള ഇടപെടൽ വേണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി വക്താവ് ഫാ. റോബിൻസണ്‍ റോഡ്രിഗസ് ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡ് പോലീസിന്റെ അന്യായ നടപടിക്കെതിരേ ഇന്ന് കോടതിയെ സമീപിക്കുമെന്ന് സിബിസിഐ വ്യക്തമാക്കി. മാതാപിതാക്കളുടെ അനുവാദത്തോടെയാണ് കന്യാസ്ത്രീകൾ കുട്ടികളുമായി യാത്രതിരിച്ചത്. കൂടാതെ പെണ്‍കുട്ടികൾ പ്രായപൂർത്തിയായവരുമാണ്. ഈ സാഹചര്യത്തിൽ പോലീസ് സ്വീകരിച്ച നടപടിയിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. കന്യാസ്ത്രീകൾ ഇപ്പോഴും ജുഡീഷൽ കസ്റ്റഡിയിൽ തുടരുകയാണ്. പെണ്‍കുട്ടികളുടെ മാതാപിതാക്കൾ സ്ഥലത്ത് എത്തിയതായാണ് വിവരം.
വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി കെ.സി. വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്ക്കും കത്തെഴുതി. പാർലമെന്റിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാനവസേവയ്ക്കും സാമൂഹ്യസേവനത്തിനും സ്വയം സമർപ്പിച്ച രണ്ട് കന്യാസ്ത്രീകളെയാണ് മനുഷ്യക്കടത്തു നടത്തുന്നുവെന്ന ബജ്രംഗ്ദളിന്റെ സത്യവിരുദ്ധമായ പരാതിയെത്തുടർന്ന് ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കാര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം എംപി ജോസ് കെ. മാണി പ്രധാനമന്ത്രിക്ക് കത്തെഴുതി.
രാജ്യസഭാംഗം ജോൺ ബ്രിട്ടാസും വിഷത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ആന്റോ ആന്റണി തുടങ്ങിയവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മതപരമായ പ്രവർത്തനങ്ങളെ വർഗീയ കണ്ണിലൂടെ നോക്കുന്ന സമീപനമാണ് ഇവിടെയുണ്ടായത്. ഇത് നിയമവാഴ്ചയെയും ഇന്ത്യയുടെ മതനിരപേക്ഷ സങ്കൽപ്പത്തെയും വലിയ രീതിയിൽ ബാധിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കുറ്റപ്പെടുത്തി. സിപിഐ നേതാക്കളായ സന്തോഷ് കുമാർ എംപി, ആനി രാജ തുടങ്ങിയവർ റായ്പുർ ആർച്ച്ബിഷപ് വിക്ടർ ഹെൻറി താക്കൂറിനെ കണ്ട് പിന്തുണ അറിയിച്ചു.
ഒരു ആദിവാസി പെണ്‍കുട്ടി ഉൾപ്പെടെ നാല് പെണ്‍കുട്ടികളുമായി ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ചാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.
കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ മാതാപിതാക്കളുടെ സമ്മതപ്രകാരം ജോലിക്ക് പോകുകയായിരുന്ന പെണ്‍കുട്ടികളെ മതപരിവർത്തനത്തിനായി കടത്തിക്കൊണ്ടുപോകുന്നു എന്നായിരുന്നു ആരോപണം. അറസ്റ്റിന് പിന്നാലെ കന്യാസ്ത്രീകളെ കാണാനോ നിയമപരമായ സഹായം തേടാനോ പോലീസ് അനുവദിക്കുന്നില്ലെന്ന ആരോപണവുമുണ്ട്.
Tags : Chhattisgarh Nuns Arrest Parliament