ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ അന്വേഷണം നടത്തുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രാഥമിക അന്വേഷണറിപ്പോർട്ട് പുറത്തുവിട്ടതിനു പിന്നാലെ ബോയിംഗ് വിമാനങ്ങളുടെ ഇന്ധനനിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കാൻ ഉത്തരവിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).
അപകടത്തിൽപ്പെട്ട വിമാനമോഡലായ ബോയിംഗ് 787-8 ഡ്രീംലൈനർ, ബോയിംഗ് 737 എന്നീ വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകൾ പരിശോധിക്കാനാണ് ഉത്തരവ്. അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാരണം ഇന്ധനസ്വിച്ചുകൾ ഓഫായതിനാലാകാമെന്ന് എഎഐബി ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചതിനു പിന്നാലെയാണ് ഡിജിസിഎയുടെ നടപടി.
വിമാനങ്ങളിലെ ഇന്ധനസ്വിച്ചുകളുടെ പരിശോധന 21നകം പൂർത്തിയാക്കാനാണു നിർദേശം. അനുവദിച്ച സമയപരിധി പാലിക്കേണ്ടത് വിമാനങ്ങളുടെ യോഗ്യതയും പ്രവർത്തനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ അനിവാര്യമാണെന്ന് ഉത്തരവിൽ പറയുന്നു. പരിശോധന ഉടൻ പൂർത്തിയാക്കി റിപ്പോർട്ട് ഡിജിസിഎയ്ക്കു കൈമാറണമെന്നു നിർദേശമുണ്ട്. അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്റെ ഇന്ധനസ്വിച്ചുകൾ "റണ്’മോഡിൽനിന്നു "കട്ട് ഓഫ്’ സ്ഥാനത്തേക്കു മാറിയിരുന്നുവെന്ന എഎഐബി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വ്യോമയാന കന്പനിയായ എത്തിഹാദ് എയർവേസും തങ്ങളുടെ വിമാനങ്ങളുടെ ഇന്ധനനിയന്ത്രണ സ്വിച്ചുകളിലെ ലോക്കിംഗ് സംവിധാനങ്ങൾ പരിശോധിക്കാൻ ഉത്തരവിട്ടിരുന്നു.
വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകൾ കൈകാര്യം ചെയ്യുന്പോൾ ജാഗ്രത പാലിക്കണമെന്നും യുഎഇയുടെ വിമാനക്കന്പനി പൈലറ്റുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ എഎഐബിയുടെ അന്വേഷണറിപ്പോർട്ട് സംഭവത്തിൽ വ്യക്തത വരുത്തുന്നുണ്ടെങ്കിലും കൂടുതൽ ചോദ്യങ്ങളും ഉയർത്തുന്നുണ്ടെന്ന് എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസണ് പ്രതികരിച്ചു. പ്രാഥമിക റിപ്പോർട്ടിൽ അപകടത്തിന്റെ കാരണമെന്താണെന്നു തിരിച്ചറിഞ്ഞിട്ടില്ലെന്നും നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും അതിനാൽത്തന്നെ അപക്വമായ നിഗമനങ്ങളിലേയ്ക്കെത്തരുതെന്നും അദ്ദേഹം എയർ ഇന്ത്യ ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു.
അഹമ്മദാബാദ് വിമാന ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണസംഘത്തിൽ പൈലറ്റുമാരെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്ന് പൈലറ്റുമാരുടെ സംഘടന സൂചന നൽകി.
Tags : Boeing aircraft