ADVERTISEMENT
ന്യൂഡൽഹി: ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്കരണം എന്തിനെന്ന് കോടതി ചോദിച്ചു.
ജസ്റ്റിസ് സുധാന്‍ഷു ധുലിയ, ജോയ്മല്യ ബാഗ്ചി എന്നവരടങ്ങിയ ബെഞ്ചാണ് വോട്ടര്‍പട്ടിക പുതുക്കലിനെതിരെ എത്തിയ ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളെ പൗരത്വം തെളിയിക്കാൻ നിർബന്ധിക്കുകയാണ്. പൗരത്വം തീരുമാനിക്കേണ്ടത് കമ്മീഷൻ അല്ലെന്നും കോടതി പറഞ്ഞു.
എന്നാൽ ആധാർ പൗരത്വ രേഖയായി കണക്കാക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വാദിച്ചു. വോട്ടര്‍ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും മുന്‍പ് പൂര്‍ണവിവരങ്ങള്‍ സുപ്രിംകോടതിയെ അറിയിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.
ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ വലിയ തോതില്‍ ആളുകളെ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്നും അത് വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞമാസം പ്രത്യേക വോട്ടര്‍പട്ടിക പരിഷ്കരണത്തിന് കമ്മീഷന് ഉത്തരവിട്ടത്. തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എന്നിവർ അടക്കമുള്ളവരാണ് ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചത്.
Tags : Bihar Voters list supreme court