ADVERTISEMENT
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പ് ബിഹാറിലെ വോട്ടർപട്ടികയിൽ തീവ്രപരിശോധന നടത്താനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരേ സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി വ്യാഴാഴ്ച വാദം കേൾക്കും. അടിയന്തരവാദം ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ജസ്റ്റീസുമാരായ സുധാൻഷു ധൂലിയ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് മുന്പാകെ വിഷയം ഉന്നയിച്ചത്.
അടിയന്തരവാദം സമ്മതിച്ചെങ്കിലും കമ്മീഷന്റെ നിലവിലെ നടപടിക്രമങ്ങളിൽ കോടതി ഇടപെടുകയോ പരാമർശങ്ങൾ നടത്തുകയോ ചെയ്തില്ല. മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിംഗ്വി, ഗോപാൽ ശങ്കരനാരായണൻ, ഷാദൻ ഫറാസത്ത് തുടങ്ങിയവരും സിബലിനൊപ്പം സമാന വിഷയം കോടതിയിൽ ഉന്നയിച്ചു.
ബിഹാറിലെ വോട്ടർപട്ടികയിൽ തീവ്രപരിശോധന നടത്താനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിക്കെതിരേ സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആർ) സുപ്രീംകോടതിയെ ആദ്യം സമീപിച്ചത്. പിന്നീട് പാർലമെന്റ് അംഗങ്ങളായ മഹുവ മൊയ്ത്ര, മനോജ് കുമാർ ഝാ, സാമൂഹിക പ്രവർത്തകൻ യോഗേന്ദ്ര യാദവ് തുടങ്ങിയവരും സമാന ഹർജിയുമായി സുപ്രീംകോടതിയിലെത്തി.
കമ്മീഷന്റെ തീരുമാനം ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19(1)(എ), 21, 325, 328 എന്നിവ ലംഘിക്കുന്നതായും 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെയും 1960 ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമങ്ങളിലെയും വ്യവസ്ഥകൾക്ക് എതിരാണെന്നുമാണ് ഹർജികളിലെ പ്രധാന വാദം. ഇതോടൊപ്പം യോഗ്യത തെളിയിക്കുകയെന്ന ഉത്തരവാദിത്വം സർക്കാരിൽനിന്ന് പൗരന്റെ കടമയായി മാറുമെന്നും ഹർജിക്കാർ പറയുന്നു.
കൂടാതെ ആധാർ, റേഷൻ കാർഡ് തുടങ്ങി സാധാരണക്കാർ കൂടുതലും ഉപയോഗിക്കുന്ന രേഖകൾ ഒഴിവാക്കിയത് ആശങ്ക ജനിപ്പിക്കുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ കാരണങ്ങൾ വ്യക്തമാക്കാതെയാണു തെരഞ്ഞെടുപ്പു കമ്മീഷൻ പ്രത്യേക പുനഃപരിശോധനയ്ക്ക് ഉത്തരവിട്ടതെന്നും ഹർജിയിൽ ആരോപിച്ചു.
തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്തു പ്രതിപക്ഷ പാർട്ടികളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കെ.സി. വേണുഗോപാൽ (കോൺഗ്രസ്), സുപ്രിയ സുലെ (എൻസിപി -ശരദ് പവാർ), ഡി.രാജ (ഡിഎംകെ), ഹരീന്ദർ മാലിക് (സമാജ്വാദി പാർട്ടി), അരവിന്ദ് സാവന്ത് (ശിവസേന -ഉദ്ധവ് ), സർഫ്രാസ് അഹമ്മദ് (ജാർഖണ്ഡ് മുക്തി മോർച്ച), ദീപങ്കർ ഭട്ടാചാര്യ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ -മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) തുടങ്ങിയവരാണ് പ്രതിപക്ഷ പാർട്ടികൾക്കുവേണ്ടി കോടതിയെ സമീപിച്ചത്.
Tags :