ADVERTISEMENT
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ലോക്സഭയിൽ പുതുതായി അവതരിപ്പിക്കുന്ന എംപിമാർക്കുള്ള ഹാജർ സംവിധാനത്തെ വിമർശിച്ച് കോണ്‍ഗ്രസ്. തെറ്റായ നീക്കമെന്നാണ് കോണ്‍ഗ്രസിന്റെ ലോക്സഭാ വിപ്പായ മാണിക്കം ടാഗോർ പുതിയ സംവിധാനത്തെ വിശേഷിപ്പിച്ചത്. എംപിമാരുടെ ഉത്തരവാദിത്വം ഉറപ്പാക്കുകയാണു ലക്ഷ്യമെങ്കിൽ എന്തുകൊണ്ട് പ്രധാനമന്ത്രിയെയും മന്ത്രിമാരെയും സംവിധാനത്തിൽനിന്ന് ഒഴിവാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ലോക്സഭാ ഹാളിനു പുറത്തുവച്ചിരിക്കുന്ന രജിസ്റ്ററിൽ ഒപ്പിടുകയെന്ന കഴിഞ്ഞ 75 വർഷത്തെ രീതിക്കു പകരം ഓരോ എംപിയുടെയും സീറ്റിനു മുന്നിലെ മേശയിലുള്ള ബട്ടണ്‍ അമർത്തി ഹാജർ രേഖപ്പെടുത്തുന്ന സന്പ്രദായമാണ് അടുത്ത സമ്മേളനം മുതൽ നടപ്പിലാക്കിത്തുടങ്ങുക. രജിസ്റ്ററിൽ ഒപ്പിടാനെത്തുന്നവർ മൂലമുണ്ടാകുന്ന തിരക്ക് ഒഴിവാക്കാനും സമയം ലാഭിക്കാനും പുതിയ സന്പ്രദായത്തിലൂടെ കഴിയുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ചില എംപിമാർ രജിസ്റ്ററിൽ ഒപ്പിട്ടിട്ടും പാർലമെന്റ് നടപടിക്രമങ്ങളിൽ പങ്കെടുക്കുന്നില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്ന നടപടിക്കുമേലെ നിൽക്കാതെ പ്രധാനമന്ത്രി മാതൃക കാണിച്ചു നയിക്കേണ്ടതല്ലേയെന്ന് മാണിക്കം ചോദിച്ചു. അങ്ങനെയാണെങ്കിൽ യഥാർഥത്തിൽ എത്ര ദിവസം പ്രധാനമന്ത്രി പാർലമെന്റിൽ ഹാജരാകുമെന്നത് വെളിപ്പെടും. മൾട്ടി മീഡിയ ഉപകരണം ഉപയോഗിച്ചുള്ള വോട്ടിംഗ് സംവിധാനം പരാജയപ്പെടുന്നത് വഖഫ് വോട്ടിംഗ് സമയത്തു കണ്ടതാണെന്നും എന്തുകൊണ്ടാണ് തെറ്റായ സംവിധാനം ആവർത്തിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു. ഉദ്ദേശ്യം നല്ലതാണെങ്കിൽ മാത്രമേ ഡിജിറ്റൽ ഉപകരണങ്ങളും നല്ലതാകുകയുള്ളൂവെന്നും ഉത്തരവാദിത്വം തെരഞ്ഞെടുക്കപ്പെട്ടവർക്കു മാത്രമാണെങ്കിൽ സംവിധാനം അതിന്റെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്തുമെന്നും മാണിക്കം ടാഗോർ കൂട്ടിച്ചേർത്തു.
Tags :