ADVERTISEMENT
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാരണങ്ങളെക്കുറിച്ചു അന്വേഷണം നടത്തിയ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ട് തള്ളി എയർലൈൻസ് പൈലറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഎൽപിഎ). അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാര്ക്കാണെന്ന തരത്തിലാണു റിപ്പോര്‍ട്ട്. ഇതിനെ പൂർണമായും തള്ളിക്കളയുകയാണ്. വസ്തുതാപരമായ അന്വേഷണത്തിനു തയാറാകണം- അസോസിയേഷന് പ്രസിഡന്റ് സാം തോമസ് പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കഴിഞ്ഞ വ്യാഴാഴ്ച വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചതിനെയും അദ്ദേഹം ചോദ്യംചെയ്തു. റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവരുന്നതിനു മുമ്പ് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്കി. സുതാര്യത ഉറപ്പാക്കുന്നതിനായി അന്വേഷണത്തില്‍ പൈലറ്റ് അസോസിയേഷനെയും ഉൾപ്പെടുത്തണമെന്നും സാം തോമസ് ആവശ്യപ്പെട്ടു. വിവരശേഖരണത്തിനു യോഗ്യരായവരെ നിയോഗിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയ അസോസിയേഷൻ സംഭവത്തിൽ നീതിപൂർവമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.