ADVERTISEMENT
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് തകർന്നുവീഴുന്നതിനുമുന്പ് 32 സെക്കൻഡ് മാത്രമാണ് വിമാനം ആകാശത്ത് ഉണ്ടായിരുന്നത്. വിമാനത്തിനോ എൻജിനുകൾക്കോ തകരാറുകളുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. വിമാനത്താവളത്തിന്റെ മതിൽ കടന്നതിനുശേഷം മാത്രമാണു നിയന്ത്രണം നഷ്ടമായത്. എൻജിൻ നിയന്ത്രണം നഷ്ടമാകുന്പോൾ വിമാനം 625 അടി ഉയരത്തിലായിരുന്നുവെന്നും പക്ഷി ഇടിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഗുണനിലവാരമുള്ള എൻജിനുകളാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടിൽ എയർ ഇന്ത്യക്കെതിരേയോ ബോയിംഗ് കന്പനിക്കെതിരേയോ പരാമർശമില്ല. വിമാനം തകർന്നുവീണ പ്രദേശത്തിന്റെ ഡ്രോണ്‍ ഫോട്ടോകൾ, വീഡിയോകൾ എന്നിവയുൾപ്പെടെ പരിശോധിച്ചാണു റിപ്പോർട്ട് തയാറാക്കിയത്.
വിമാനത്തിന്റെ ഇരു എൻജിനുകളും വീണ്ടെടുത്ത് ക്വാറന്റൈനിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഇന്ധനസാന്പിളുകൾ ഡിജിസിഎ ലാബിൽ പരീക്ഷണത്തിനു വിധേയമാക്കിയിട്ടുണ്ടെന്നും എഎഐബി അറിയിച്ചു.
അഹമ്മദാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്നു ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ജൂണ്‍ 12നാണ് 260ലധികം പേരുടെ മരണത്തിനു കാരണമായ ദുരന്തത്തിൽ പെട്ടത്. ഉച്ചകഴിഞ്ഞ് 1.38ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ വിമാനം സമീപത്തെ മെഡിക്കൽ കോളജ് ഹോസ്റ്റലിനുമേൽ തകർന്നുവീഴുകയായിരുന്നു. വിമാനയാത്രികരിൽ ഒരാൾ മാത്രമാണു രക്ഷപ്പെട്ടത്.