ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ 171 ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ബോക്സിൽനിന്ന് നിർണായക വിവരങ്ങൾ ശേഖരിച്ച് വിശകലനം തുടങ്ങി. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. ബ്ലാക്ക് ബോക്സുകൾക്ക് പുറമെ കോക്ക്പിറ്റ് വോയ്സ് റിക്കാർഡർ (സിവിആർ), ഫ്ലൈറ്റ് ഡാറ്റ റിക്കാർഡർ (എഫ്ഡിആർ) എന്നിവയുടെ വിശകലനം പുരോഗമിക്കുകയാണെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
വിമാനത്തിൽ ഒരു ബ്ലാക്ബോക്സിൽനിന്നു ക്രാഷ് പ്രൊട്ടക്ഷൻ മൊഡ്യൂൾ (സിപിഎം) സുരക്ഷിതമായി വീണ്ടെടുത്തതായും മെമ്മറി മോഡ്യൂളിൽ നിന്നുള്ള വിവരങ്ങൾ എഎഐബിയുടെ ലാബിൽ ബുധനാഴ്ച ഡൗണ്‍ലോഡ് ചെയ്ത് എടുത്തതായും ഡിജിസിഎ ഇന്നലെ അറിയിച്ചു.
ബ്ലാക്ക് ബോക്സ്, സിവിആർ, എഫ്ഡിആർ തുടങ്ങിയവയിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
അപകടത്തിലേക്കു നയിച്ച കാര്യങ്ങളെക്കുറിച്ചും ദുരന്തത്തിന് മുൻപുണ്ടായ സംഭാഷണങ്ങൾ, വിമാനത്തിലെ സാഹചര്യം, പൈലറ്റ് നൽകിയ നിർദേശം, കോക്പിറ്റിലെ സംഭാഷണം, വിമാനത്തിനുള്ളിലെ മുന്നറിയിപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ ബ്ലാക് ബോക്സ് പരിശോധിക്കുന്നതിലൂടെ മനസിലാക്കാം. വിമാനത്തിലെ രണ്ട് ബ്ലാക് ബോക്സുകളും കണ്ടെടുത്തിരുന്നു.
ഇതോടൊപ്പം വിമാനത്തിൽ ഇന്നും കണ്ടെടുത്ത സിവിആർ, എഫ്ഡിആർ എന്നിവയുടെ ഗതാഗതം, സൂക്ഷിക്കൽ തുടങ്ങിയ കാര്യങ്ങൾ സാധാരണ നടപടിക്രമങ്ങൾ അനുസരിച്ചാണ് പൂർത്തിയാക്കിയതെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
ജൂണ്‍ 13ന് എഫ്ഡിആറും 16ന് സിവിആറും കണ്ടെടുത്തത്തിരുന്നു. വ്യോമസേന വിമാനത്തിൽ ജൂണ്‍ 24നാണ് ഇവയെല്ലാം ഡൽഹിയിൽ എത്തിച്ചത്. തീപിടിത്തത്തിൽ ബ്ലാക് ബോക്സിന് കേടുപാടുകൾ സംഭവിച്ചതായും ഈ സാഹചര്യത്തിൽ വിവരങ്ങൾ വീണ്ടെടുക്കുന്നതിനായി ബ്ലാക് ബോക്സ് അമേരിക്കയിലേക്ക് അയക്കാൻ സാധ്യതയുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ വ്യോമയാന മന്ത്രിതന്നെ ഇത് നിഷേധിച്ച് രംഗത്ത് എത്തിയിരുന്നു.
എഎഐബിയുടെ ഡയറക്ടർ ജനറൽ, ഒരു വ്യോമയാന വിദഗ്ധൻ, എയർ ട്രാഫിക് കണ്‍ട്രോളിൽനിന്ന് ഒരു ഉദ്യോഗസ്ഥൻ, വിമാന നിർമാണ കന്പനിയുടെ മാതൃരാജ്യത്ത് (യുഎസ്എ) നിന്ന് നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിലെ ഒരു ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് അപകട കാരണങ്ങൾ കണ്ടെത്തുന്നതിന് രൂപീകരിച്ച അന്വേഷണ സംഘത്തിലുള്ളത്. അന്തരാഷ്ട്ര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘം രൂപീകരിച്ചത്.
Tags : Ahmedabad plane crash Black box AIR INDIA