ADVERTISEMENT
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉള്‍പ്പെടുന്ന സംഘത്തിന് എക്സ്പെഡിഷന് 73 ക്രൂ യാത്രയയപ്പു നല്കി. ഇന്നലെ രാത്രി 7.25നായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചടങ്ങ്.
ഇന്ന് ഉച്ചകഴിഞ്ഞ് 2.35ന് ദൗത്യ സംഘം ഭൂമിയിലേക്കു തിരിക്കുന്നതിനായി പേടകത്തില്‍ പ്രവേശിക്കും. 4.35ന് സംഘം എക്സിന്റെ ഡ്രാഗണ്‍ ഗ്രേസ് പേടകത്തില്‍ ഭൂമിയിലേക്കു യാത്രതിരിക്കും. നാളെ ഉച്ചകഴിഞ്ഞ് മൂന്നോടെ കലിഫോര്‍ണിയ തീരത്ത് പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് എക്സില്‍ കുറിച്ചു.
ഐഎസ്എസില്‍ രണ്ടാഴ്ചത്തെ ദൗത്യത്തിനു ശേഷമാണ് ആക്സിയം 4 സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്. ജൂണ്‍ 26നാണ് ആക്സിയം 4 ദൗത്യ സംഘം ഐഎസ്എസില്‍ എത്തിയത്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്കു പുറമേ അമേരിക്കയുടെ പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാന്‍സ്കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്സിയം 4 ക്രൂവിലുള്ളത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും കൃത്യമായി പൂര്‍ത്തിയാക്കാന്‍ ആക്സിയം 4 സംഘത്തിനു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഡേറ്റയും 580 പൗണ്ട് കാര്‍ഗോയുമായാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകം തിരിച്ചെത്തുന്നതെന്ന് നാസ പറഞ്ഞു.
ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന ശുഭാംശു ശുക്ലയും മൂന്നു സഹയാത്രികരും ഏഴുദിവസത്തെ പുനരധിവാസത്തിനു വിധേയരാകും.
Tags : Shubhamshu