ADVERTISEMENT
അമ്പലപ്പുഴ: മരിക്കാത്ത വായനയുടെ ലോകത്ത് നിറദീപമായി എഴുത്താളൻ ഡോ. അരുൺകുമാർ. അധ്യാപകനും കവിയും പുസ്തകരചയിതാവും നല്ലൊരു വാഗ്മിയുമായ ഹരിപ്പാട് സ്വദേശി അരുൺ കുമാറിന്റെ തൂലികാനാമമാണ് ‘എഴുത്താളൻ’.
അധ്യാപക ജോലിയുടെ തിരക്കൊഴിഞ്ഞാൽപിന്നെ വായനയാണ് അദ്ദേഹത്തിന്റെ ലഹരി. ഹരിപ്പാട് നഗരസഭാ വായനശാല, പറവൂർ പബ്ളിക് ലൈബ്രററി, ആലപ്പുഴ മുനിസിപ്പൽ വായനശാല, അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ അടക്കം ഗ്രന്ഥശാലകളിലെ നിറസാന്നിധ്യമാണ് ഡോ. അരുൺകുമാർ.
വീട്ടിലും വൻ പുസ്തക ശേഖരമുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും ഇറങ്ങുന്ന ഭൂരിഭാഗം ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കും. ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരത്തിൽ വായന നശിച്ച കാലത്ത് ഇത് ലഹരിയാക്കിയ അപൂർവമാളുകളിൽ ഒരാളാണ് എഴുത്താളൻ.
മലയാളത്തിലും ഇംഗ്ലീഷിലുമായി അദ്ദേഹം എഴുതിയിട്ടുള്ള കൃതികൾ ഇന്ത്യക്കു വെളിയിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലടക്കം അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു . വിക്കിപീഡിയയിൽ ഇടം നേടിയിട്ടുള്ള അരുൺ കുമാർ ഇംഗ്ലീഷ് സാഹിത്യത്തിലാണ് ഡോക്ടറേറ്റ് നേടിയത്.