ADVERTISEMENT
തിരുവനന്തപുരം: വൈസ് ചാൻസലറും രജിസ്ട്രാറും ഇരു ചേരിയിൽ നിന്നുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെ കേരള സർവകലാശാല ഭരണം സ്തംഭനാവസ്ഥലേക്ക്. ഭാരതാംബ ചിത്രവിവാദത്തിനു പിന്നാലെ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ സസ്പെൻഡ് ചെയ്യുകയും സിൻഡിക്കറ്റ് സസ്പെൻഷൻ നടപടികൾക്ക് അംഗീകാരം നല്‍കാതിരിക്കുകയും ചെയ്തതോടെ തുടങ്ങിയ രജിസ്ട്രാർ- വിസി പോര് ഇന്നലെ അതി രൂക്ഷമായി.
തന്നെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും തന്റെ നിയമനാധികാരി സിൻഡിക്കറ്റാണെന്നുമുള്ള നിലപാട് സ്വീകരിച്ച രജിസ്ട്രാർ ഇന്നലെ സർവകലാശാല കാന്പസിൽ തന്റെ ഓഫീസ് മുറിയിലെത്തി. എന്നാൽ രജിസ്ട്രാർക്ക് ഇ-ഫയലുകൾ ഒന്നും നല്‍കേണ്ടെന്ന നിർദേശമാണു വൈസ് ചാൻസലർ സർവകലാശാല അധികൃതർക്കു നല്‍കിയത്.
രജിസ്ട്രാർ സസ്പെൻഷനിലായതിനാൽ മിനി കാപ്പനാണു രജിസ്ട്രാറിന്റെ ചുമതലയെന്നും അതിനാൽ ഇ-ഫയലുകൾ അനിൽ കുമാറിനു നൽകരുത് എന്നാണു വിസിയുടെ നിർദേശം. എന്നാൽ വൈസ് ചാൻസലറുടെ നിർദേശത്തിനെതിരേ സിൻഡിക്കറ്റ് നിലപാട് സ്വീകരിച്ചു.
ഇതോടെ ഇ-ഫയലുകൾ നോക്കാനുള്ള സൗകര്യം അനിൽകുമാറിനു ലഭിച്ചു. പോര് അതിരൂക്ഷമായതോടെ ഇനി എന്തു നടപടിയാണു സർവകലാശാലയിൽ ഉണ്ടാകുക എന്നതും ശ്രദ്ധേയമാണ്.
Tags : Kerala University