ADVERTISEMENT
തിരുവനന്തപുരം: പുതുക്കിയ കീം റാങ്ക് പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജോഷ്വാ ജേക്കബ് തോമസ് ഒന്നാം റാങ്ക് നേടി. പഴയ പട്ടികയില്‍ അഞ്ചാം റാങ്കായിരുന്നു ജോഷ്വായ്ക്ക്.
പഴയ പട്ടികയിൽ കേരള സിലബസിലെ വിദ്യാർഥി ജോണ്‍ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പുതിയ പട്ടികയിൽ ജോണിന് ഏഴാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. പഴയ ഫോര്‍മുല അനുസരിച്ച് റാങ്ക് ലിസ്റ്റ് പുതുക്കി പ്രഖ്യാപിച്ചപ്പോള്‍ സ്റ്റേറ്റ് സിലബസിലുള്ള വിദ്യാര്‍ഥികള്‍ പിന്നോട്ടുപോയി.
ആദ്യ 100 റാങ്കിൽ 21 പേര് കേരള സിലബസിലാണ്. നേരത്തേ പ്രഖ്യാപിച്ച ലിസ്റ്റിൽ ആദ്യ 100 പേരിൽ 43 പേർ കേരള സിലബസിലെ വിദ്യാർഥികളായിരുന്നു. എറണാകുളം സ്വദേശി ഹരികിഷൻ ബൈജു രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി എമില്‍ ഐപ് സക്കറിയ മൂന്നാം റാങ്കും സ്വന്തമാക്കി.
തീരൂരങ്ങാടി സ്വദേശി അദല്‍ സയാന് (നാല്), ബംഗളൂരു സ്വദേശി അദ്വൈത് അയിനിപ്പള്ളി (അഞ്ച്), ബംഗളൂരു സ്വദേശി അനന്യ രാജീവ് (ആറ്), എറണാകുളം സ്വദേശി ജോണ്‍ ഷിനോജ് (ഏഴ്), കോഴിക്കോട് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജു (എട്ട്), കോഴിക്കോട് സ്വദേശി അച്യുത് വിനോദ് (ഒമ്പത്), കോഴിക്കോട് സ്വദേശി അന്മോല് ബൈജു (10) എന്നിവരാണ് ആദ്യ പത്തില്‍ ഇടംപിടിച്ചത്.
റാങ്ക് പട്ടിക പുതുക്കുമ്പോള്‍ തര്‍ക്കമുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്ന് മന്ത്രി ആര്.ബിന്ദു വ്യക്തമാക്കി.
Tags :