ADVERTISEMENT
കൊച്ചി: ഏറെ ചര്‍ച്ചയായ ശശി തരൂരിന്റെ ദീപികയിലെ ലേഖനം സംബന്ധിച്ചും അന്‍വറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചും ചര്‍ച്ച ചെയ്യാതെ യുഡിഎഫ് നേതൃയോഗം.
മുന്നണി വിപുലീകരണം തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് വേണമെന്ന ആവശ്യം ശക്തമാണെങ്കിലും മുന്നണി വിപുലീകരണം യോഗത്തില്‍ ചര്‍ച്ചയായില്ലെന്നായിരുന്നു വിഷയത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രതികരണം.
തരൂരിന്റെ ലേഖനവും മുഖ്യമന്ത്രി സര്‍വേയും അജൻഡയില്‍ ഇല്ലാത്ത കാര്യമാണെന്നും സംസ്ഥാന നേതൃയോഗത്തില്‍ ചര്‍ച്ചയായി വരേണ്ട കാര്യമല്ലെന്നുമാണ് യോഗത്തിനു ശേഷം അദ്ദേഹം പ്രതികരിച്ചത്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണു യോഗം തീരുമാനിച്ചത്.
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കല്‍, ജില്ലാതല പ്രചാരണ പരിപാടികള്‍, സംഘടനാ തലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക തുടങ്ങിയ കാര്യങ്ങളാണു ചര്‍ച്ച ചെയ്തത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലടക്കം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പാളിച്ചകള്‍ തുറന്നുകാട്ടാന്‍ സമരപരിപാടികള്‍ സംഘടിപ്പിക്കാനും അതിന്റെ ഭാഗമായി 23ന് കളക്ടറേറ്റുകൾക്കു മുന്നില്‍ പ്രതിഷേധസംഗമം നടത്താനും യോഗം തീരുമാനിച്ചു.
വന്യജീവി ആക്രമണങ്ങള്‍ മലയോര മേഖലകളിലെ ജനജീവിതം ദുരിതത്തിലാക്കിയ സാഹചര്യത്തില്‍ പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി വര്‍ക്ക് ഷോപ് നടത്തും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം യുഡിഎഫ് കൂട്ടായ്മയുടെ വിജയമാണെന്നും സര്‍ക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധവികാരം യുഡിഎഫിന് തുണയായെന്നും യോഗം വിലയിരുത്തി.
Tags : UDF leadership meeting