ADVERTISEMENT
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനാരോഗ്യരംഗത്തെ ഗുരുതരമായ അനാസ്ഥയില്‍ ആരോഗ്യ മന്ത്രി വീണജോർജിനെതിരേ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് മാർച്ച് നടന്നു.
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം കനത്ത സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു.
എന്നാൽ പ്രവർത്തകർ പിരിഞ്ഞു പോകാതെ ബാരിക്കേഡിന് മുന്നിൽ വീണ്ടും സംഘടിച്ചതോടെ പോലീസ് ലാത്തി വീശി.
ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. കണ്ണൂരില്‍ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകര്‍ത്ത് പ്രവർത്തകർ ഡിഎംഒ ഓഫീസിലേക്ക് ചാടിക്കടന്നതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളെയും അറസ്റ്റുചെയ്തു.
അതേസമയം, മന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു.
Tags : Youth Congress protest Veena George