ADVERTISEMENT
മട്ടന്നൂർ: പാർട്ടിക്കായി എന്തെങ്കിലും ചെയ്തെങ്കിൽ പത്തനംതിട്ട ജില്ലയിൽ കോൺഗ്രസ് എംൽഎമാരുടെ എണ്ണം വട്ടപ്പൂജ്യമാകില്ലായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എസ്എഫ്ഐയെ പുകഴ്ത്തിയും യൂത്ത് കോൺഗ്രസിനെ ഇകഴ്ത്തിയുമുള്ള പി.ജെ. കുര്യന്റെ പ്രസ്താവനയ്ക്കാണ് യൂത്ത് കോൺഗ്രസ് നേതാവ് മറുപടി കുറിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം: വയസ് 84. പത്തനംതിട്ടയിൽനിന്ന് ഏഴു തവണ ലോക്സഭയിലേക്ക് മത്സരിച്ചു. അതിൽ ആറു തവണ ലോക്സഭാംഗം. ഒരു തവണ രാജ്യസഭാംഗം. 36വർഷം എംപിയായി.
രാജ്യസഭാ ഉപാധ്യക്ഷൻ, ചീഫ് വിപ്പ്, കേന്ദ്രമന്ത്രി തുടങ്ങിയ സ്ഥാനങ്ങളും ഐഐടി ചെയർമാൻ സ്ഥാനവും വഹിച്ചു. കേന്ദ്രത്തിൽ അധികാരം കോൺഗ്രസിന് നഷ്ടമായതിനാൽ മാത്രം പത്തനംതിട്ടയിൽ നിൽക്കാനും യൂത്ത് കോൺഗ്രസ് മോശമാണെന്നു പറയാനും അവസരം വന്നു. പാർട്ടിക്കായി എന്തെങ്കിലും ചെയ്തെങ്കിൽ പത്തനംതിട്ട ജില്ലയിൽ പാർട്ടിക്ക് ഇന്ന് എംഎൽഎമാർ വട്ടപ്പൂജ്യം ആകുമായിരുന്നില്ല.
ഡൽഹിയിലെ കുളിരിൽ ഉല്ലസിക്കുന്ന സമയം നാട്ടിലെ പാർട്ടി പ്രവർത്തകരെ സംരക്ഷിച്ചിരുന്നുവെങ്കിൽ ഒരു പഞ്ചായത്തിൽ 25 അല്ല അതിലധികം യൂത്ത് കോൺഗ്രസുകാരെ ഉണ്ടാക്കാമായിരുന്നു. കുറഞ്ഞത് പത്തു കേസ് ഇല്ലാത്ത ഒരു സാധാരണ യൂത്ത് കോൺഗ്രസ് നേതാവും ഇന്ന് കേരളത്തിൽ ഇല്ല. കേസിന് ഫൈൻ അടയ്ക്കാൻ പണം ഇല്ലാതെ ജയിലിൽ കിടക്കാൻ പോലും താനടക്കമുള്ള പ്രവർത്തകർ പല വട്ടം ആലോചിച്ചിട്ടുണ്ട്. വിമർശനങ്ങൾ ഉൾക്കൊള്ളാമായിരുന്നു, ഒരു അടച്ചിട്ട മുറിയിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തെ ഇരുത്തി അവർക്ക് പറ്റുന്ന സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടായിരുന്നുവെങ്കിൽ. മാധ്യമങ്ങളുടെ മുന്നിൽവച്ച് താങ്കൾ പേര് വിളിച്ച് ഉപദേശിച്ചവരൊക്കെ താങ്കളുടെ നാട്ടുകാർ കൂടിയാണെന്ന് ഒരിക്കൽകൂടി ഓർമിപ്പിക്കുന്നു.
പാർട്ടി പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള പോരാട്ടത്തിൽ പ്രവർത്തകർ വിയർപ്പൊഴുക്കുമ്പോൾ തോളിൽ തട്ടി അഭിനന്ദിക്കണമെന്ന് പറയുന്നില്ല. ചവിട്ടി താഴ്ത്തരുത്. ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. ക്ഷുഭിത യുവത്വം പലതും തിരിച്ചും ചോദിക്കും എന്നു പറഞ്ഞാണ് കുറിപ്പ് നിർത്തുന്നത്.
Tags : P.J. Kurian Youth congress