ADVERTISEMENT
എണ്ണപ്പാറ (കാസർഗോഡ്): തൊഴിലുറപ്പ് ജോലിക്കിടെ യുവാവിന് കാട്ടുപന്നിയുടെ കടിയേറ്റു. എണ്ണപ്പാറ മോതിരക്കാട്ടെ പി. മധുസൂദനനാണ് (42) ആക്രമണത്തിനിരയായത്. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. മോതിരക്കാട് കോയിപ്പുറം ബെജിയുടെ പറമ്പില്‍ തെങ്ങിനു തടമെടുക്കുന്നതിനിടെയാണ് ആക്രമണം.
സ്ത്രീകളും പുരുഷന്മാരും അടക്കം പതിനഞ്ചോളം പേരാണ് പണിസ്ഥലത്ത് ഉണ്ടായിരുന്നത്.
പാഞ്ഞു വരുന്ന പന്നിയെ കണ്ട് മറ്റുള്ളവര്‍ അലറിവിളിച്ചുകൊണ്ട് ഓടിമാറി.
എന്നാല്‍ മുന്‍നിരയില്‍ നിന്നിരുന്ന മധുസൂദനന് ഓടിമാറുന്നതിനു മുന്‍പ് പന്നി ചാടിവീഴുകയായിരുന്നു. രണ്ടു കൈകളിലെയും വിരലുകള്‍ക്ക് സാരമായ പരിക്കേറ്റു. തൂമ്പ കൈയിലുണ്ടായിരുന്നതിനാല്‍ പാഞ്ഞുവന്ന പന്നിയുടെ കടി തൂമ്പാക്കൈ കൂട്ടിയായതിനാല് വലിയ അപകടം ഒഴിവായി.
അല്ലാത്തപക്ഷം കൈ കടിച്ചു പറിക്കുമായിരുന്നെന്ന് മധുസൂദനന് പറഞ്ഞു. എണ്ണപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി മുറിവുകള്‍ വച്ചുകെട്ടി. പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് അയച്ചു.
Tags : wild animal attacks kerala