x
ad
Wed, 16 July 2025
ad

ADVERTISEMENT

ദൈവവിശ്വാസത്തിന് ചരമഗീതം ആലപിക്കുമ്പോൾ?

ഫാ. ​​​​ജോ​​​​സ​​​​ഫ് ക​​​​ള​​​​ത്തി​​​​ൽ
Published: July 15, 2025 11:01 PM IST | Updated: July 15, 2025 11:01 PM IST

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം കേ​​​​ര​​​​ള യു​​​​ക്തി​​​​വാ​​​​ദി സം​​​​ഘം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ഒ​​​​രു പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ ഉ​​​​ന്ന​​​​ത​​​​നാ​​​​യ ഒ​​​​രു ന‍്യാ​​​​യാ​​​​ധി​​​​പ​​​​ൻ പ്ര​​​​സ്താ​​​​വി​​​​ച്ച​​​​ത് “മ​​​​ത​​​​മി​​​​ല്ലാ​​​​തെ വ​​​​ള​​​​രു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളാ​​​​ണ് നാ​​​​ളെ​​​​യു​​​​ടെ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​ൾ” എ​​​​ന്നാ​​​​ണ്. മ​​​​റ്റു​​​​ള്ള​​​​വ​​​​ർ ചോ​​​​ദി​​​​ക്കാ​​​​ൻ മ​​​​ടി​​​​ക്കു​​​​ന്ന ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ചോ​​​​ദി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണ് അ​​​​ത്ത​​​​രം കു​​​​ട്ടി​​​​ക​​​​ളെ​​​​ന്നും സ്കൂ​​​​ൾ രേ​​​​ഖ​​​​ക​​​​ളി​​​​ൽ മ​​​​തം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നി​​​​ല്ല എ​​​​ന്ന് തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളെ അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ന‍്യാ​​​​യാ​​​​ധി​​​​പ​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന മ​​​​ത​​​​ത്തി​​​​നും ദൈ​​​​വ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​നുമെ​​​​തി​​​​രാ​​​​ണ്. കാ​​​​ര​​​​ണം, ദൈ​​​​വ​​​​വു​​​​മാ​​​​യി മ​​​​നു​​​​ഷ്യ​​​​നെ ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന ഒ​​​​രു ക​​​​ണ്ണി​​​​യാ​​​​യാ​​​​ണ​​​​ല്ലോ മ​​​​ത​​​​ത്തെ മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്. അ​​​​തി​​​​നാ​​​​ൽ മ​​​​തം ഇ​​​​ല്ലാ​​​​താ​​​​കു​​​​മ്പോ​​​​ൾ ദൈ​​​​വ​​​​വി​​​​ശ്വാ​​​​സ​​​​വും ഇ​​​​ല്ലാ​​​​താ​​​​യി​​​​ക്കൊ​​​​ള്ളുമെ​​​​ന്ന് ക​​​​രു​​​​തു​​​​ന്ന​​​​വ​​​​രു​​​​ണ്ട്. ഇ​​​​പ്ര​​​​കാ​​​​രം ‘ദൈ​​​​വ​​​​വും മ​​​​ത​​​​വു​​​​മി​​​​ല്ലാ​​​​ത്ത ഒ​​​​രു ലോ​​​​ക​​​​ത്തെ’ക്കു​​​​റി​​​​ച്ച് വാ​​​​ചാ​​​​ല​​​​മാ​​​​കു​​​​ന്ന വ്യ​​​​ക്തി​​​​ക​​​​ളെ​​​​യും പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ​​​​യും ഇ​​​​ന്നു കാ​​​​ണാ​​​​ൻ സാ​​​​ധി​​​​ക്കും.​​​​ സ​​​​മാ​​​​ന​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ ന​​​​മ്മു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സമ​​​​ന്ത്രി​​​​യും ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ഈ​​​​ശ്വ​​​​ര​​​​പ്രാ​​​​ർ​​​​ഥ​​​​ന ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് അ​​​​ദ്ദേ​​​​ഹം ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത​​​​ത്. അ​​​​ദ്ദേ​​​​ഹം വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന രാ​​​​ഷ്‌​​​​ട്രീ​​​​യ പ്ര​​​​ത്യ​​​​യ​​​​ശാ​​​​സ്ത്ര​​​​വും അ​​​​ടി​​​​സ്ഥാ​​​​ന​​​​പ​​​​ര​​​​മാ​​​​യി ദൈ​​​​വ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന് എ​​​​തി​​​​രാ​​​​ണ​​​​ല്ലോ. മ​​​​ത​​​​വും ഈ​​​​ശ്വ​​​​ര​​​​ബോ​​​​ധ​​​​വും ഇ​​​​ല്ലാ​​​​ത്ത ഒ​​​​രു സ​​​​മൂ​​​​ഹ​​​​ത്തെ സൃ​​​​ഷ്ടി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് ഇ​​​​ക്കൂ​​​​ട്ട​​​​ർ മു​​​​ന്നോ​​​​ട്ടു​​​​വ​​​​യ്ക്കു​​​​ന്ന ആ​​​​ശ​​​​യം. വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​മ്പ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഒ​​​​രു അ​​​​ന്ധ​​​​വി​​​​ദ്യാ​​​​ല​​​​യ​​​​ത്തി​​​​ൽ ചെ​​​​ന്ന് അ​​​​ന്ന​​​​ത്തെ ക​​​​മ്യൂ​​​​ണി​​​​സ്റ്റ് വി​​​​ദ്യാ​​​​ഭ്യാ​​​​സമ​​​​ന്ത്രി, “ദൈ​​​​വം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ നി​​​​ങ്ങ​​​​ൾ അ​​​​ന്ധ​​​​രാ​​​​യി ജ​​​​നി​​​​ക്കി​​​​ല്ലാ​​​​യി​​​​രു​​​​ന്നു” എ​​​​ന്ന് അ​​​​ന്ധ​​​​രാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞ​​​​തും ഈ ​​​​അ​​​​വ​​​​സ​​​​ര​​​​ത്തി​​​​ൽ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്ത് വാ​​​​യി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്.

ദൈ​​​​വ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന് സം​​​​ഭ​​​​വി​​​​ച്ച മാ​​​​റ്റ​​​​ം

ഭാ​​​​ഗ്യ​​​​സ്മ​​​​ര​​​​ണാ​​​​ർ​​​​ഹ​​​​നാ​​​​യ ജോ​​​​ൺ​​​​പോ​​​​ൾ ര​​​​ണ്ടാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ ത​​​​ന്‍റെ ‘Memory and Identity’ എ​​​​ന്ന ഗ്ര​​​​ന്ഥ​​​​ത്തി​​​​ൽ ആ​​​​ധു​​​​നി​​​​ക ത​​​​ത്വ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ന്‍റെ പി​​​​താ​​​​വ് എന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന പ​​​​തി​​​​നേ​​​​ഴാം നൂ​​​​റ്റാ​​​​ണ്ടി​​​​ലെ ഫ്ര​​​​ഞ്ച് ത​​​​ത്വ​​​​ചി​​​​ന്ത​​​​ക​​​​നാ​​​​യ റെ​​​​നെ ഡെ​​​​ക്കാ​​​​ർ​​​​ട്ടി​​​​ന്‍റെ കാ​​​​ലം മു​​​​ത​​​​ൽ ദൈ​​​​വ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന് സം​​​​ഭ​​​​വി​​​​ച്ച മാ​​​​റ്റ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്. ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സം മു​​​​ന്നോ​​​​ട്ടു​​​​വ​​​​യ്ക്കു​​​​ന്ന ‘വെ​​​​ളി​​​​പാ​​​​ടി​​​​ന്‍റെ ദൈ​​​​വം’ എ​​​​ന്ന കാ​​​​ഴ്ച​​​​പ്പാ​​​​ട് ‘ത​​​​ത്വ​​​​ചി​​​​ന്ത​​​​ക​​​​രു​​​​ടെ ദൈ​​​​വം’ എ​​​​ന്ന കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​ലേ​​​​ക്ക് വ​​​​ഴി​​​​മാ​​​​റി​​​​യ​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണ് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​യു​​​​ന്ന​​​​ത്. ഡെ​​​​ക്കാ​​​​ർ​​​​ട്ടി​​​​ന്‍റെ പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ വാ​​​​ക്യം “Cogito Ergo Sum” (I think, therfore I am) എ​​​​ന്ന​​​​താ​​​​ണ്. അ​​​​താ​​​​യ​​​​ത് “ഞാ​​​​ൻ ചി​​​​ന്തി​​​​ക്കു​​​​ന്നു, അ​​​​തു​​​​കൊ​​​​ണ്ട് ഞാ​​​​ൻ ഉ​​​​ണ്ട്.”

ഡെ​​​​ക്കാ​​​​ർ​​​​ട്ടി​​​​ന്‍റെ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​നു മു​​​​മ്പ് ത​​​​ത്വ​​​​ചി​​​​ന്ത എ​​​​ന്ന​​​​ത് ദൈ​​​​വ​​​​ത്തി​​​​നും സൃ​​​​ഷ്ടലോ​​​​ക​​​​ത്തി​​​​നും കീ​​​​ഴി​​​​ലാ​​​​യാ​​​​ണ് നി​​​​ല​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ഡെ​​​​ക്കാ​​​​ർ​​​​ട്ടി​​​​ന്‍റെ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​നു ശേ​​​​ഷം സ്ര​​​​ഷ്ടാ​​​​വാ​​​​യ ദൈ​​​​വം, സൃ​​​​ഷ്ട​​​​ലോ​​​​കം എ​​​​ന്നി​​​​വ മ​​​​നു​​​​ഷ്യ​​​​മ​​​​ന​​​​സി​​​ന്‍റെ ചി​​​​ന്ത​​​​യു​​​​ടെ ഉ​​​​ള്ള​​​​ട​​​​ക്ക​​​​മാ​​​​യി മാ​​​​റി. ഈ ​​​​മാ​​​​റ്റ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണ് പാ​​​​പ്പാ ത​​​​ന്‍റെ ഗ്ര​​​​ന്ഥ​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്. അ​​​​താ​​​​യ​​​​ത്, ഇ​​​​വി​​​​ടെ ദൈ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള കാ​​​​ഴ്ച​​​​പ്പാ​​​​ട് മ​​​​നു​​​​ഷ്യ​​​​മ​​​​ന​​​​സി​​​​ന് സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യി ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കാ​​​​വു​​​​ന്ന ഒ​​​​രു വി​​​​ഷ​​​​യ​​​​മാ​​​​യി മാ​​​​റി. തി​​​​ന്മ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​നും ഇ​​​​പ്ര​​​​കാ​​​​രം മാ​​​​റ്റം സം​​​​ഭ​​​​വി​​​​ച്ചു. ക്രി​​​​സ്തു​​​​വി​​​​ന്‍റെ കു​​​​രി​​​​ശി​​​​ലെ ര​​​​ക്ഷാ​​​​ക​​​​ര പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളി​​​​ലൂ​​​​ടെ മ​​​​നു​​​​ഷ്യ​​​​ൻ തി​​​​ന്മ​​​​യി​​​​ൽ​​​നി​​​​ന്ന് ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ടു എ​​​​ന്ന കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​ന് പ​​​​ക​​​​ര​​​​മാ​​​​യി മ​​​​നു​​​​ഷ്യ​​​​ൻ മാ​​​​ത്ര​​​​മാ​​​​ണ് അ​​​​വ​​​​ന്‍റെ​​​ത​​​​ന്നെ ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ​​​​യും സം​​​​സ്കാ​​​​ര​​​​ത്തി​​​​ന്‍റെ​​​​യും സ്ര​​​​ഷ്ടാ​​​​വെ​​​​ന്ന കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​ന് മു​​​​ൻ​​​​ഗ​​​​ണ​​​​ന ല​​​​ഭി​​​​ച്ചു. ഏ​​​​താ​​​​ണ് ശ​​​​രി​​​​യെ​​​​ന്നും ഏ​​​​താ​​​​ണ് തെ​​​​റ്റെ​​​​ന്നും തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തും മ​​​​നു​​​​ഷ്യ​​​​ൻ മാ​​​​ത്ര​​​​മാ​​​​യി മാ​​​​റി!

തു​​​​ട​​​​ർ​​​​ന്നു​​​​ള്ള വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ വ്യ​​​​ത്യ​​​​സ്ത​​​​ങ്ങ​​​​ളാ​​​​യ ചി​​​​ന്താ​​​​ധാ​​​​ര​​​​ക​​​​ളും പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും ആ​​​​വി​​​​ർ​​​​ഭ​​​​വി​​​​ച്ച​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചും അ​​​​വ ലോ​​​​ക​​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ വ​​​​രു​​​​ത്തി​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും മാ​​​​ർ​​​​പാ​​​​പ്പ ത​​​​ന്‍റെ ഗ്ര​​​​ന്ഥ​​​​ത്തി​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. ജ​​​​നാ​​​​ധി​​​​പ​​​​ത്യ മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​വ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ ദു​​​​ർ​​​​വി​​​​നി​​​​യോ​​​​ഗം ന​​​​ട​​​​ത്തി​​​​യ​​​​തും സോ​​​​വി​​​​യ​​​​റ്റ് യൂ​​​​ണി​​​​യ​​​​നി​​​​ലെ​​​​യും മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ​​​​യും മാ​​​​ർ​​​​ക്സി​​​​സ്റ്റ് അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ങ്ങ​​​​ളും അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു. ഹി​​​​റ്റ്‌ല​​​​റു​​​​ടെ ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്തെ യ​​​​ഹൂ​​​​ദ​​​​ന്മാ​​​​രു​​​​ടെ​​​​യും റൊ​​​​മാ​​​​നി​​​​ക​​​​ളു​​​​ടെ​​​​യും വം​​​​ശ​​​​ഹ​​​​ത്യ​​​​യെ​​​​ക്കു​​​​റി​​​​ച്ചും ക​​​​മ്യൂ​​​​ണി​​​​സ്റ്റ് ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്ത് പ​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ത്തി​​​​യ കൂ​​​​ട്ട​​​​ക്കൊ​​​​ല​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും പ്ര​​​​ത്യേ​​​​കി​​​​ച്ച്, യു​​​​ക്രെ​​​​യ്നി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​യും റ​​​​ഷ്യ​​​​യി​​​​ലെ ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ്-​​​ക​​​​ത്തോ​​​​ലി​​​​ക്കാ വൈ​​​​ദി​​​​ക​​​​രെ​​​​യും കൂ​​​​ട്ട​​​​ക്കൊ​​​​ല ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചും അ​​​​ദ്ദേ​​​​ഹം പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്നു​​​​ണ്ട്.

‘നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ കൂ​​​​ട്ട​​​​ക്കൊ​​​​ല​​​​ക​​​​ൾ’

ദൈ​​​​വ​​​​ത്തെ​​​​യും ദൈ​​​​വി​​​​ക നി​​​​യ​​​​മ​​​​ങ്ങ​​​​ളെ​​​​യും മാ​​​​റ്റി​​​​നി​​​​ർ​​​​ത്തി​​​​യ പ​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും ‘നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ കൂ​​​​ട്ട​​​​ക്കൊ​​​​ല​​​​ക​​​​ൾ’ ന​​​​ട​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​വും അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു​​​​ണ്ട്! അ​​​​മ്മ​​​​യു​​​​ടെ ഗ​​​​ർ​​​​ഭ​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​മ്പോ​​​​ൾ​​​​ത​​​​ന്നെ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന അ​​​​നേ​​​​ക​​​​ല​​​​ക്ഷം കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ ഈ ​​​​ഗ​​​​ണ​​​​ത്തി​​​​ൽ പെ​​​​ടു​​​​ന്നു. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​പ​​​​ര​​​​മാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട പാ​​​​ർ​​​​ല​​​​മെ​​​​ന്‍റു​​​​ക​​​​ളാ​​​​ണ് ഗ​​​​ർ​​​​ഭ​​​​ഛി​​​​ദ്ര​​​​ത്തി​​​​ന്‍റെ രൂ​​​​പ​​​​ത്തി​​​​ലു​​​​ള്ള ഇ​​​​ത്ത​​​​രം കൂ​​​​ട്ട​​​​ക്കൊ​​​​ല​​​​ക​​​​ളെ അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്ന വ​​​​സ്തു​​​​ത ഞെ​​​​ട്ടി​​​​ക്കു​​​​ന്ന ഒ​​​​രു യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​യി പാ​​​​പ്പാ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു! മ​​​​നു​​​​ഷ്യ​​​​വം​​​​ശ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും വ​​​​ള​​​​ർ​​​​ച്ച​​​​യാ​​​​ണ് ത​​​​ങ്ങ​​​​ൾ ല​​​​ക്ഷ്യം​​​വ​​​​യ്ക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് ഇ​​​​ത്ത​​​​രം ഹീ​​​​ന​​​​മാ​​​​യ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ൾ ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്!

ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​ത്യ​​​​യശാ​​​​സ്ത്ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​നം സ്ര​​​​ഷ്ടാ​​​​വാ​​​​യ ദൈ​​​​വ​​​​ത്തെ പു​​​​റ​​​​ന്ത​​​​ള്ളു​​​​ക​​​​യും മ​​​​നു​​​​ഷ്യ​​​​പ്ര​​​​കൃ​​​​തി എ​​​​ന്ന​​​​ത് ദൈ​​​​വ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ദാ​​​​ന​​​​മാ​​​​യി ന​​​​ൽ​​​​ക​​​​പ്പെ​​​​ട്ട ഒ​​​​രു യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ണെ​​​​ന്ന വ​​​​സ്തു​​​​ത വി​​​​സ്മ​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​ക​​​യും ​ചെ​​​യ്ത​​​താ​​​​ണെ​​​​ന്ന് പാ​​​​പ്പാ ഇ​​​​വി​​​​ടെ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു. ത​​​​ത്ഫ​​​​ല​​​​മാ​​​​യി, മ​​​​നു​​​​ഷ്യ​​​​പ്ര​​​​കൃ​​​​തി എ​​​​ന്ന​​​​ത് സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​സൃ​​​​ത​​​​മാ​​​​യി സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യി രൂ​​​​പ​​​​പ്പെ​​​​ടു​​​​ക​​​​യും മാ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്ക് വി​​​​ധേ​​​​യ​​​​മാ​​​​വു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ചി​​​​ന്ത​​​​യു​​​​ടെ കേ​​​​വ​​​​ലം ഒ​​​​രു ഉ​​​​ത്പ​​​​ന്ന​​​​മാ​​​​യി മാ​​​​റ്റ​​​​പ്പെ​​​​ട്ടു!

അ​​​​ഹം​​​​ഭാ​​​​വ​​​​വും അ​​​​ബ​​​​ദ്ധ​​​​വും

ദൈ​​​​വ​​​​ത്തെ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന ഒ​​​​രു ലോ​​​​ക​​​​ത്തി​​​​നു സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ബെ​​​​ന​​​​ഡി​​​​ക്ട് പ​​​​തി​​​​നാ​​​​റാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ 2007 ന​​​​വം​​​​ബ​​​​ർ 30ന് ​​​​പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ‘പ്ര​​​​ത്യാ​​​​ശ​​​​യി​​​​ൽ ര​​​​ക്ഷ’ എ​​​​ന്ന ചാ​​​​ക്രി​​​​ക ലേ​​​​ഖ​​​​ന​​​​ത്തി​​​​ൽ ഇ​​​​പ്ര​​​​കാ​​​​രം പ​​​​റ​​​​യു​​​​ന്നു: “പു​​​​രോ​​​​ഗ​​​​തി​​​​ക്ക് അ​​​​ധ​​​​ർ​​​​മി​​​​ക​​​​ളു​​​​ടെ കൈ​​​​ക​​​​ളി​​​​ൽ തി​​​​ന്മ​​​​യി​​​​ലു​​​​ള്ള പു​​​​രോ​​​​ഗ​​​​തി​​​​യാ​​​​യി​​​​ത്തീ​​​​രാ​​​​ൻ ക​​​​ഴി​​​​യും. സാ​​​​ങ്കേ​​​​തി​​​​ക പു​​​​രോ​​​​ഗ​​​​തി അ​​​​തി​​​​നു ചേ​​​​ർ​​​​ന്ന മ​​​​നു​​​​ഷ്യ​​​​ന്‍റെ ധാ​​​​ർ​​​​മി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തോ​​​​ട് ഒ​​​​ത്തു​​​​പോ​​​​ക​​​​ണം. അ​​​​ങ്ങ​​​​നെ ചെ​​​​യ്തി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​ത് പു​​​​രോ​​​​ഗ​​​​തി​​​​യേ അ​​​​ല്ല, പി​​​​ന്നെ​​​​യോ മ​​​​നു​​​​ഷ്യ​​​​നും ലോ​​​​ക​​​​ത്തി​​​​നും ഭീ​​​​ഷ​​​​ണി​​​​യാ​​​​ണ്” (No.22). 19, 20 ​നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളി​​​​ൽ രൂ​​​​പ​​​​പ്പെ​​​​ട്ട നി​​​​രീ​​​​ശ്വ​​​​ര​​​​വാ​​​​ദ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പാ​​​​പ്പാ ഇ​​​​വി​​​​ടെ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു. ഈ ​​​​ലോ​​​​ക​​​​ത്തി​​​​ലെ സ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​മ്പി​​​​ൽ ദൈ​​​​വ​​​​ത്തെ ചോ​​​​ദ്യം ചെ​​​​യ്യു​​​​ക​​​​യും നീ​​​​തി സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ ദൈ​​​​വം ഇ​​​​ല്ലാ​​​​ത്ത​​​​തു​​​​കൊ​​​​ണ്ട് നീ​​​​തി സ്ഥാ​​​​പി​​​​ക്കാ​​​​ൻ മ​​​​നു​​​​ഷ്യ​​​​ൻ മു​​​​ന്നി​​​​ട്ടി​​​​റ​​​​ങ്ങു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​താ​​​​ണ് ഈ ​​​​നി​​​​രീ​​​​ശ്വ​​​​ര​​​​പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ന്ത​​​​ഃസ​​​​ത്ത. ദൈ​​​​വ​​​​ത്തി​​​​ന് ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത കാ​​​​ര്യം മ​​​​നു​​​​ഷ്യ​​​​വം​​​​ശ​​​​ത്തി​​​​ന് ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന ഇ​​​​ത്ത​​​​രം മ​​​​നോ​​​​ഭാ​​​​വം അ​​​​ഹം​​​​ഭാ​​​​വ​​​​വും അ​​​​ബ​​​​ദ്ധ​​​​വും നി​​​​റ​​​​ഞ്ഞ​​​​താ​​​​ണെ​​​​ന്ന് പാ​​​​പ്പാ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. ഇ​​​​ത്ത​​​​രം കാ​​​​ഴ്ച​​​​പ്പാ​​​​ട് ക്രൂ​​​​ര​​​​ത​​​​യു​​​​ടെ​​​​യും നീ​​​​തി ലം​​​​ഘ​​​​ന​​​​ത്തി​​​ന്‍റെ​​​യും ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ രൂ​​​​പ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ന​​​​യി​​​​ച്ചു എ​​​​ന്ന യാ​​​​ഥാ​​​​ർ​​​​ഥ്യം മാ​​​​ർ​​​​പാ​​​​പ്പ ഇ​​​​വി​​​​ടെ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു(No.42). ലോ​​​​ക​​​​ത്തി​​​​ലെ വി​​​​വി​​​​ധ ക​​​​മ്യൂ​​​​ണി​​​​സ്റ്റ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും നാ​​​​സി ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലും ന​​​​ട​​​​ന്ന അ​​​​നേ​​​​ക​​​​ ല​​​​ക്ഷം ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കൂ​​​​ട്ട​​​​ക്കൊ​​​​ല​​​​ക​​​​ളെ​​​​യാ​​​​ണ് പാ​​​​പ്പാ ഇ​​​​വി​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​ന്ന് സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ഉ​​​​ന്ന​​​​തശ്രേ​​​​ണി​​​​യി​​​​ലു​​​​ള്ള​​​​വ​​​​ർ ദൈ​​​​വ​​​​ത്തെ​​​​യും ദൈ​​​​വ​​​​വി​​​​ശ്വാ​​​​സ​​​​ത്തെ​​​​യും പ​​​​ര​​​​സ്യ​​​​മാ​​​​യി ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന​​​​ത് ഏ​​​​റെ ഖേ​​​​ദ​​​​ക​​​​ര​​​​മാ​​​​ണ്. ദൈ​​​​വ​​​​വും മ​​​​ത​​​​വി​​​​ശ്വാ​​​​സ​​​​വും ഇ​​​​ല്ലാ​​​​ത്ത ഒ​​​​രു ലോ​​​​ക​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് വാ​​​​ചാ​​​​ല​​​​രാ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് അ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ഒ​​​​രു ലോ​​​​കം ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ വ​​​​രു​​​​ത്തി​​​​വ​​​​ച്ച ഭ​​​​വി​​​​ഷ്യ​​​​ത്തു​​​​ക​​​​ളെ ക​​​​ണ്ടി​​​​ല്ലെ​​​​ന്ന് ന​​​​ടി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മോ? ഓ​​​​രോ​​​​രു​​​​ത്ത​​​​ർ​​​​ക്കും ത​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ്വാ​​​​സം സം​​​​ര​​​​ക്ഷി​​​​ച്ചു​​​​കൊ​​​​ണ്ട് ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം മ​​​​തേ​​​​ത​​​​ര രാ​​​​ഷ്‌​​​ട്ര​​​​മാ​​​​യ ഇ​​​​ന്ത്യ​​​​യി​​​​ലു​​​​ണ്ടെ​​​​ന്ന യാ​​​​ഥാ​​​​ർ​​​​ഥ്യം ഇ​​​​ക്കൂ​​​​ട്ട​​​​ർ ഓ​​​​ർ​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്. മ​​​​ത​​​​ങ്ങ​​​​ളെ​​​​യും ദൈ​​​​വ​​​​വി​​​​ശ്വാ​​​​സ​​​​ത്തെ​​​​യും പ​​​​രി​​​​ഹ​​​​സി​​​​ക്കു​​​​ക​​​​യ​​​​ല്ല, മ​​​​റി​​​​ച്ച് നീ​​​​തി​​​​യി​​​​ല​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യ ഒ​​​​രു രാ​​​​ഷ്‌​​​ട്രം കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കാ​​​​ൻ പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തെ സ​​​​ഹാ​​​​യി​​​​ക്കു​​​​ക​​​​യാ​​​​ണ് ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളും ന്യാ​​​​യാ​​​​ധി​​​​പ​​​​ന്മാ​​​​രും ചെ​​​​യ്യേ​​​​ണ്ട​​​​ത്. ദൈ​​​​വ​​​​വും രാ​​​​ഷ്‌​​​ട്ര​​​​വും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് 2,000 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​മ്പ് ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ ന​​​​ട​​​​ത്തി​​​​യ അ​​​​ർ​​​​ഥ​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യ പ്ര​​​​സ്താ​​​​വ​​​​ന ഇ​​​​ന്നും ഒ​​​​ളി​​​​മ​​​​ങ്ങാ​​​​തെ ശോ​​​​ഭി​​​​ക്കു​​​​ന്നു: “സീ​​​​സ​​​​റി​​​​നു​​​​ള്ള​​​​ത്‌ സീ​​​​സ​​​​റി​​​​നും ദൈ​​​​വ​​​​ത്തി​​​​നു​​​​ള്ള​​​​ത്‌ ദൈ​​​​വ​​​​ത്തി​​​​നും കൊ​​​​ടു​​​​ക്കു​​​​ക” (മ​​​​ത്താ 22:21).

Tags :

Recent News

Up