ADVERTISEMENT
തൃശൂർ: പാർലമെന്റ് നിയോജകമണ്ഡലത്തിലെ വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് തെളിവുസഹിതമുള്ള രേഖകൾ പുറത്തുവിട്ട് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെയും സഹോദരൻ സുഭാഷ് ഗോപിയുടെയും കുടുംബാംഗങ്ങൾ ബൂത്ത് നമ്പർ 116ൽ 1016 മുതൽ 1026 വരെയാണ് വോട്ടുകൾ ചേർത്തിട്ടുള്ളത്. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുമുമ്പ് ചേർത്ത വോട്ടുകൾ, ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരിൽ 10/219/2 എന്ന വീട്ടുനമ്പറിൽ ഇപ്പോഴും നിലനിൽക്കുന്നതായി ഇലക്ഷൻ കമ്മീഷന്റെ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പിൽ പരിശോധിച്ചാൽ അറിയാമെന്നും ജോസഫ് ടാജറ്റ് കൂട്ടിച്ചേർത്തു.
ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഈ വീട്ടിൽനിന്നു തെരഞ്ഞെടുപ്പിനുശേഷം ഒഴിഞ്ഞുപോയെങ്കിലും ഇപ്പോഴും വോട്ട് നിലനിൽക്കുകയാണ്. എന്നാൽ, കോർപറേഷൻ പ്രസിദ്ധീകരിച്ച 11 മുക്കാട്ടുകര ഡിവിഷൻ ഭാഗം രണ്ട് പട്ടികയിൽ ഇവരുടെ പേരുകളില്ല എന്നത് ഇവർ ഈ വീട്ടിലെ സ്ഥിരതാമസക്കാരല്ല എന്ന വസ്തുത തെളിയിക്കുന്നതാണെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു.
ബൂത്ത് നമ്പർ 30ൽ സമാനമായ രീതിയിലാണ് കാപ്പിറ്റൽ ഗാർഡൻസ്, ടോപ്പ് പാരഡൈസ്, ചൈത്രം ഐഡിബിഐ, കാപ്പിറ്റൽ വില്ലേജ്, ശ്രീശങ്കരി എന്നീ ഫ്ലാറ്റുകളിലായി 45 പേരുടെ വോട്ടുകൾ ചേർത്തിട്ടുള്ളത്. ഇവർ ആരുംതന്നെ തെരഞ്ഞെടുപ്പിനുമുമ്പോ ശേഷമോ ഈ ഫ്ലാറ്റിലോ മേൽവിലാസത്തിലോ താമസിച്ചതായി ആരും സാക്ഷ്യപ്പെടുത്തുന്നില്ല. എന്നാൽ, ഇവരുടെ ഇലക്ടറൽ ഐഡി കാർഡ് നമ്പർ ആപ്പ് വഴി പരിശോധിച്ചപ്പോൾ ഇവരുടെ വോട്ടുകൾ ഇതേ പട്ടികയിൽ ഇപ്പോഴും തുടർന്നുവരികയാണ്. സമാനമായ രീതിയിൽ ശോഭ സഫയർ, ശോഭ സിറ്റി, ചേലൂർ കൺട്രി കോട്ട്, ശക്തി അപ്പാർട്ട്മെന്റ്സ്, വാട്ടർലില്ലി ഫ്ലാറ്റ്സ്, ഗോവിന്ദ് അപ്പാർട്ട്മെന്റ്സ്, ശോഭ ടോപ് പ്ലാസ എന്നിവിടങ്ങളിലും വോട്ടുകൾ ചേർത്തിയതായി തെളിവുകൾ പുറത്തുവിട്ടിട്ടുള്ളതായി ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഇവർക്ക് ആർക്കുംതന്നെ കോർപറേഷൻ വോട്ടർപട്ടികയിൽ വോട്ടുകളില്ല എന്നതും ശ്രദ്ധേയമാണ്.
നിയോജകമണ്ഡലത്തിൽനിന്നു പുറത്തുള്ളവരും സ്ഥിരതാമസക്കാരുമല്ലാത്ത വോട്ടർമാരെ തെരഞ്ഞെടുപ്പുസമയത്ത് അടഞ്ഞുകിടന്ന വീടുകളുടെയും ഫ്ലാറ്റുകളുടെയും പേരിൽ വോട്ടർപട്ടികയിൽ ചേർത്തെന്നും ടാജറ്റ് ആരോപിച്ചു. 65,000 വോട്ടുകൾ ചേർത്തിയെന്നു ബിജെപി അവകാശപ്പെടുമ്പോൾ ഇത്തരം വഴിവിട്ട രീതിയിലൂടെയാണോ ചേർത്തിയതെന്നു ബിജെപി വ്യക്തമാക്കണമെന്നും കണ്ടെത്തേണ്ട ഉത്തരവാദിത്വം തെരഞ്ഞെടുപ്പുകമ്മീഷനിൽ നിക്ഷിപ്തമാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
Tags :