ADVERTISEMENT
ന്യൂഡൽഹി: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തീരുമാനമാകുന്നത് വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കിരണ്‍കുമാർ സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ ഇതേ ആവശ്യങ്ങളുമായി കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, രണ്ടുവര്‍ഷമായിട്ടും ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ തീരുമാനമാകാത്തതിനാലാണ് പ്രതി സുപ്രീംകോടതിയിയെ സമീപിച്ചത്.
തനിക്കെതിരായ ആത്മഹത്യാപ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാനവാദം. വിസ്മയയുടെ ആത്മഹത്യയില്‍ തന്നെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ല. തന്റെ ഇടപെടല്‍ കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കാനായില്ല. താന്‍ മാധ്യമവിചാരണയുടെ ഇരയാണെന്നും കിരണ്‍കുമാറിന്റെ ഹര്‍ജിയിലുണ്ട്.
കേസില്‍ ശിക്ഷിക്കപ്പെട്ട കിരണ്‍കുമാര്‍ നിലവില്‍ പരോളിലാണ്. വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരണ്‍കുമാറിന് ശിക്ഷ വിധിച്ചത്.
Tags : vismaya case supreme court