ADVERTISEMENT
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്പിറ്റലുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടതോ, ഏതെങ്കിലും വിധത്തിൽ ബന്ധിപ്പിക്കാവുന്നതോ ആയ അനിഷ്ടസംഭവങ്ങൾ വലിയ വിവാദങ്ങളായി മാറുന്നത് അടുത്തകാലത്തു പതിവായിരിക്കുന്നു. ഇതോടൊപ്പം, സ്ഥാപനങ്ങൾക്കും ക്രൈസ്തവ സമൂഹത്തിനും സഭയ്ക്കുമെതിരായ ആശയ പ്രചാരണങ്ങൾക്ക് വേദിയൊരുക്കപ്പെടുന്നതാണ് കണ്ടുവരുന്നത്. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കാരണത്താലുള്ള ജീവനക്കാരുടെ ആത്മഹത്യകൾ, വിദ്യാർഥികളായ കുട്ടികളുടെ ആത്മഹത്യകൾ, ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട സംഭവങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ക്രൈസ്തവ മാനേജ്മെന്റുകളുമായി ബന്ധപ്പെട്ടവയെങ്കിൽ മാത്രമാണ് വലിയ വിവാദങ്ങളായി മാറി വാർത്താ പ്രാധാന്യം നേടുന്നത്. വിവാദങ്ങളുടെ തുടർച്ചയായി ക്രൈസ്തവ മാനേജ്മെന്റുകൾക്ക് കീഴിലുള്ള നൂറുകണക്കിനു മറ്റു സ്ഥാപനങ്ങളെയും വൈദികരെയും സന്യസ്തരെയും മോശമായി ചിത്രീകരിക്കുന്ന വിധത്തിലുള്ള പ്രചാരണങ്ങളും പതിവായി.
അടുത്ത നാളുകളിൽ ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്സ് സ്കൂൾ, രാജഗിരി ഹോസ്പിറ്റൽ തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ഉദാഹരണങ്ങൾ മാത്രം. കാരിത്താസ് ഹോസ്പിറ്റൽ, മാർ സ്ലീവാ മെഡ്സിറ്റി തുടങ്ങിയ ആശുപത്രികൾക്കെതിരേയും മുമ്പു സമാനമായ വിധത്തിലുള്ള ദുഷ്പ്രചാരണങ്ങൾ നടന്നിരുന്നു. മൂവാറ്റുപുഴ നിർമല കോളജ്, കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ളവർ സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരേയും താമരശേരി രൂപത കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിക്കെതിരേയും സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം നീക്കങ്ങൾ മുമ്പ് ഉണ്ടായിരുന്നതാണ്. കൂടുതൽ ഗുരുതരമായ പലതും കാര്യമായ വാർത്തകൾ പോലുമാകാത്ത പശ്ചാത്തലത്തിലും ക്രൈസ്തവ സ്ഥാപനങ്ങളെങ്കിൽ ചില കോണുകളിൽ അമിതാവേശം പ്രകടമാകുന്നു എന്നുള്ളതാണ് വസ്തുത.
തിരുവനന്തപുരം ശ്രീചിത്ര പുവര് ഹോമിലെ മൂന്ന് പെണ്കുട്ടികള് ആത്മഹത്യക്കു ശ്രമിച്ചതായുള്ള വാർത്ത ജൂലൈ 14നാണ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. അതൊരു വിവാദമായില്ല എന്നു മാത്രമല്ല, യാതൊരുവിധ ചർച്ചകളും അതുമായി ബന്ധപ്പെട്ടു കാണാനായില്ല. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കോതമംഗലം സ്വദേശിനി ആത്മഹത്യ ചെയ്തതിനു കാരണം മേലുദ്യോഗസ്ഥനിൽനിന്നുള്ള പീഡനമാണെന്നും സമാനമായ പീഡന പരാതികൾ പലരിൽനിന്നും ഉണ്ടായിട്ടുണ്ടെന്നുമുള്ള വാർത്തകൾ പുറത്തുവന്നിട്ടും ആശുപത്രിയുടെ പേരുപോലും പുറത്തറിഞ്ഞിട്ടില്ല. ഇപ്രകാരം മറ്റു സ്ഥാപനങ്ങളിൽ സംഭവിക്കുന്ന ഇത്തരം കാര്യങ്ങൾ രഹസ്യമായി നിലനിർത്തുന്നതോടൊപ്പം ക്രൈസ്തവ മാനേജ്മെന്റ് സ്ഥാപനങ്ങൾ ഉൾപ്പെട്ട വിഷയങ്ങളെങ്കിൽ അത് വലിയ വിവാദമാക്കി മാറ്റാൻ വർഗീയ ധ്രുവീകരണം ലക്ഷ്യംവയ്ക്കുന്ന ചില തല്പര കക്ഷികൾക്കൊപ്പം ഒരു മീഡിയ സിൻഡിക്കറ്റ് കൂടി ഇവിടെ പ്രവർത്തന നിരതമാണെന്നു കരുതേണ്ടിയിരിക്കുന്നു.
ജൂൺ 23ന് പാലക്കാട് ശ്രീകൃഷ്ണപുരത്ത് വലിയ കോളിളക്കം സൃഷ്ടിച്ച ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യക്ക് പുറമെ, കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ കേരളത്തിൽ ആത്മഹത്യ ചെയ്ത കുട്ടികൾ നിരവധിയാണ്. ചാലക്കുടിയിലെ പതിനഞ്ചുകാരിയായ പെൺകുട്ടിയും തിരുവനന്തപുരം സ്വദേശിനിയായ പോളിടെക്നിക് വിദ്യാർഥിനിയും എറണാകുളത്ത് പാരാമെഡിക്കൽ ഒന്നാം വർഷ വിദ്യാർഥിനിയും ഹരിപ്പാട് അഞ്ചാം ക്ലാസുകാരനായ വിദ്യാർഥിയും ഇടുക്കി കുളത്തിൻമേടിലെ പതിനേഴു വയസുകാരനും അതിൽ ഉൾപ്പെടുന്നു. തിരുവനന്തപുരം ശാന്തിവിളയിൽ നാലാംക്ലാസ് വിദ്യാർഥിനിയായ ഒമ്പതുവയസുകാരി ആത്മഹത്യ ചെയ്തതും ജൂൺ മാസമാണ്. ശ്രീകൃഷ്ണപുരത്ത് ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത് കേവലം മൂന്ന് ദിവസത്തിനു ശേഷം ശ്രീകൃഷ്ണപുരത്തെ മറ്റൊരു സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയും ആത്മഹത്യ ചെയ്യുകയുണ്ടായി. ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ ഒമ്പത്, പത്ത് തീയതികളിലായി പതിമൂന്ന്, പതിനഞ്ച് വയസ് പ്രായമുള്ള കുട്ടികൾ ആത്മഹത്യ ചെയ്തിരുന്നു. ജവഹർ നവോദയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു പതിനഞ്ചുവയസുകാരി.
രണ്ടു വർഷം മുമ്പ് അമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ ഒരു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവമാണ് വലിയ വിവാദമായി മാറിയത്. അന്ന് മൊബൈൽ ഫോൺ ഉപയോഗം ചോദ്യം ചെയ്തതും ഫോൺ പിടിച്ചുവച്ചതുമാണ് ആത്മഹത്യക്കു കാരണമെന്ന് ആരോപിച്ച് വിദ്യാർഥി സംഘടനകൾ കോളജിനെതിരേ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയിരുന്നു. ഇക്കാലയളവിൽ വിദ്യാർഥികളുടെ ആത്മഹത്യകൾ കേരളത്തിൽ ഒട്ടേറെ നടന്നിട്ടുണ്ടെങ്കിലും അക്കൂട്ടത്തിൽ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കിടയിൽ നടന്ന രണ്ടേരണ്ട് ആത്മഹത്യകൾ മാത്രമാണ് വിവാദങ്ങൾക്കും മാധ്യമചർച്ചകൾക്കും വഴിയൊരുക്കിയത്.
ഇത്തരത്തിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരേ ദുഷ്പ്രചാരണം നടത്തുന്നതിനും പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതിനുമുള്ള ആസൂത്രിത ശ്രമങ്ങൾ നമുക്കിടയിൽ നടന്നുവരുന്നുണ്ട് എന്നുള്ളത് വ്യക്തമാണ്. സംഭവിച്ചേക്കാവുന്ന പിഴവുകൾ അതത് സമയങ്ങളിൽ തിരുത്തി കുറ്റമറ്റ രീതിയിൽ മുന്നോട്ടുപോകാനുള്ള പ്രത്യേകമായ ശ്രദ്ധ ക്രൈസ്തവ സ്ഥാപനങ്ങൾക്ക് എക്കാലവുമുണ്ട്. മുൻകാല സംഭവങ്ങളിൽനിന്ന് അക്കാര്യം വ്യക്തവുമാണ്. എങ്കിലും വാസ്തവങ്ങളെ തമസ്കരിച്ചുകൊണ്ട് നിഗൂഢമായ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരുകൂട്ടർ വീണുകിട്ടുന്ന അവസരങ്ങൾ മുതലെടുത്ത് ക്രൈസ്തവ സമൂഹത്തിനും സഭയ്ക്കും എതിരായ ദുഷ്പ്രചാരണങ്ങൾ തുടരുകയാണ്. തീവ്ര മതചിന്താഗതിയുള്ള ചില സംഘടനകളും വ്യക്തികളും ഇത്തരം നീക്കങ്ങൾക്ക് പിന്നിലുണ്ടെന്ന സംശയവും ശക്തമാണ്. ഇത്തരക്കാർക്കെതിരേ പൊതുസമൂഹവും ക്രൈസ്തവ വിശ്വാസികളും ജാഗ്രത പുലർത്തേണ്ടതുണ്ട്.
Tags :