ADVERTISEMENT
നിരവധിയായ നർമപ്രഭാഷണങ്ങളിലൂടെ ശ്രോതാക്കൾക്കു ചിരിമധുരം വിളന്പിയ ആത്മീയപിതാവിനു വിട. അത്യപൂർവ മികവുകളുടെയും റിക്കാർഡുകളുടെയും ഉടമയായി അര നൂറ്റാണ്ടിലേറെക്കാലം ഇടയശുശ്രൂഷ ചെയ്താണ് പൗരസ്ത്യ കൽദായ സുറിയാനിസഭാ മെത്രാപ്പോലീത്ത മാർ അപ്രേം നിത്യതയിലേക്കു മടങ്ങുന്നത്.
ഒരുവർഷം മുന്പ് ശതാഭിഷേകവേളയിൽ കാണുന്പോൾ അദ്ദേഹം പറഞ്ഞു: “ദൈവം വഴിനടത്തി. ആയുസും ആരോഗ്യവുമൊക്കെ അവിടത്തെ അനുഗ്രഹം. ഇനിയെല്ലാം അവിടത്തെ ഹിതംപോലെയാകട്ടെ.”
ദൈവത്തിനു ഹിതകരമായ രീതിയിൽ ദീർഘകാലം ഇടയവേല ചെയ്ത മാർ അപ്രേം പിതാവിന് അസീറിയൻ ചർച്ച് ഓഫ് ദ ഈസ്റ്റിന്റെ പാത്രിയാർക്കീസായി വരെ ആദ്യഘട്ടത്തിൽ കൂടുതൽ നോമിനേഷൻ നേടിയ ചരിത്രവും സ്വന്തമാണ്. മാർ ദിൻഹ, മാർ ഗീവർഗീസ് എന്നിവർ സഭയുടെ പാത്രിയാർക്കീസായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അഭിഷേകചടങ്ങുകൾക്കു മുഖ്യകാർമികനായതും സീനിയർ മെത്രാപ്പോലീത്തയായ മാർ അപ്രേമായിരുന്നു. മാർ ദിൻഹ നാലാമൻ കാലംചെയ്തപ്പോൾ സഭയുടെ താത്കാലിക പരമാധ്യക്ഷനായും ആറുമാസത്തോളം പ്രവർത്തിച്ചു. വത്തിക്കാനും അസീറിയൻ സഭയും തമ്മിൽ ദൈവശാസ്ത്രപരമായ ആശയവിനിമയത്തിനു രൂപീകരിച്ച പത്തംഗ സമിതിയുടെ കോ-ചെയർമാനുമായിരുന്നു.
1965ൽ ഇരുപത്തഞ്ചാം പിറന്നാൾദിനത്തിൽ വൈദികൻ. ഏറ്റവും ചെറുപ്രായത്തിൽ, 28 വയസിൽ മെത്രാൻപദവിയിൽ. എട്ടുദിവസം കഴിഞ്ഞപ്പോഴേക്കും മെത്രാപ്പോലിത്ത. മാർ അപ്രേമിന്റെ റിക്കാർഡുകൾ പലതാണ്. ദശാബ്ദങ്ങൾ നീണ്ട സ്തുത്യർഹസേവനം അരനൂറ്റാണ്ടു പിന്നിട്ടപ്പോഴാണ് പിൻഗാമിയായി മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത നിയുക്തനായത്. പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞശേഷവും കർമരംഗത്തു സജീവമായി നിന്നു; ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതുവരെ. ഇന്ത്യയിലെ പാത്രിയാർക്കൽ പ്രതിനിധിയായും മാർ അപ്രേം തുടർന്നു.
ആഴത്തിലുള്ള ആത്മീയത, അനുഭവസന്പത്ത്, രണ്ടു ഡോക്ടറൽ ബിരുദം അടക്കമുള്ള വിദ്യാഭ്യാസമികവ്, അസീറിയൻ ഭാഷയടക്കം അനേകം ഭാഷകളിലുള്ള പരിജ്ഞാനം, ലളിതജീവിതവും പെരുമാറ്റവും, എല്ലാവരോടും അടുത്തിടപഴകുന്ന ശൈലി, മികച്ച പ്രഭാഷണം തുടങ്ങിയവയെല്ലാം മാർ അപ്രേമിൽ ഒത്തിണങ്ങിയിരുന്നു.
പൗരോഹിത്യവിശുദ്ധിയുടെയും സാംസ്കാരിക ഔന്നത്യത്തിന്റെയും അത്യപൂർവ മുഖങ്ങളിലൊന്നായി ശോഭിച്ച മാർ അപ്രേം തൃശൂരിന്റെ സ്വന്തമായിരുന്നു. തൃശൂരിലെ മൂക്കൻ കുടുംബത്തിൽ ദേവസി-കൊച്ചുമറിയം ദന്പതിമാരുടെ പത്തു മക്കളിൽ നാലാമനായി 1940 ജൂണ് 13ന് ജനനം. യഥാർഥ പേര് ജോർജ് ഡേവിസ് മൂക്കൻ. തൃശൂർ സിഎംഎസ്, കാൽഡിയൻ സിറിയൻ സ്കൂളുകളിലായിരുന്നു വിദ്യാഭ്യാസം. ചെറുപ്രായത്തിൽതന്നെ ആത്മീയകാര്യങ്ങളിൽ അതീവതാത്പര്യം പ്രകടിപ്പിച്ചിരുന്ന ജോർജ് ഡേവിസ് വേദോപദേശപഠനത്തിലും മിടുക്കു കാട്ടി. കുടുംബത്തിൽ വൈദികരാരും ഇല്ലായിരുന്നെങ്കിലും വൈദികനാകാനായിരുന്നു ആഗ്രഹം.
സെന്റ് തോമസ് കോളജിൽ ഇന്റർമീഡിയറ്റിനുശേഷം ജബൽപുരിലെ ലേണാഡ് തിയോളജിക്കൽ കോളജിൽനിന്ന് 1961ൽ ദൈവശാസ്ത്രത്തിൽ ബിരുദം നേടി. 1961 ജൂണ് 25നു ശെമ്മാശനായും 1965 ജൂണ് 13ന് കശീശയായും മാർ തോമ ധർമോയിൽനിന്നു പട്ടം സ്വീകരിച്ച് വൈദികശുശ്രൂഷയിൽ പ്രവേശിച്ചു. ബാംഗളൂരിലെ യുണൈറ്റഡ് തിയോളജിക്കൽ കോളജിൽനിന്നും ന്യൂയോർക്കിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽനിന്നും സഭാ ചരിത്രത്തിൽ രണ്ടു ബിരുദാനന്തര ബിരുദങ്ങൾ നേടി. പ്രിൻസ്റ്റണിലെ തിയോളജിക്കൽ കോളജിൽ ഡോക്ടറേറ്റ് ഗവേഷണം ആരംഭിച്ചെങ്കിലും, 1968ൽ കിഴക്കിന്റെ മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്തതിനാൽ ഗവേഷണം തുടർന്നില്ല. 1976ൽ സെറാന്പുർ യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റ് ബിരുദം നേടി. 2002ൽ എംജി യൂണിവേഴ്സിറ്റിയിൽനിന്നു സുറിയാനിസാഹിത്യത്തിൽ മറ്റൊരു ഡോക്ടറേറ്റും.
ലളിതമായ ശൈലിയിൽ തമാശകൾ ചേർത്തുള്ള പ്രഭാഷണത്തിൽ സ്വന്തം ജീവിതാനുഭവങ്ങൾ ചേർത്തുവയ്ക്കാൻ മാർ അപ്രേം മറക്കാറില്ല. അതുകൊണ്ടുതന്നെ മെത്രാപ്പോലീത്തയുടെ പ്രഭാഷണം എല്ലാവർക്കും ഇഷ്ടമായിരുന്നു. തൃശൂരിലെ സാംസ്കാരിക പരിപാടികളിൽ മാത്രമല്ല, വിദേശരാജ്യങ്ങളിലെ അക്കാദമിക കോണ്ഫറൻസുകളിലും മുഖ്യപ്രഭാഷകനായിരുന്നു അദ്ദേഹം.
ആദ്യമൊന്നും തമാശ പറയാറില്ലെന്നു മെത്രാപ്പോലീത്ത, തന്റെ തമാശകളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി പറയുമായിരുന്നു. പ്രസംഗത്തിൽ തമാശ പാടില്ലെന്നാണ് കരുതിയിരുന്നതത്രെ. പിന്നെ മറ്റു പിതാക്കന്മാർ പറയുന്നതുകേട്ട് താനും പറഞ്ഞുതുടങ്ങി. മാർ ആന്റണി പടിയറയും മാർ ക്രിസോസ്റ്റവുമൊക്കെ പ്രസംഗത്തിൽ ധാരാളം തമാശകൾ പറയുന്നവരാണ്.
ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുപതിലേറെ പുസ്തകങ്ങൾ രചിച്ചു ചരിത്രംകുറിച്ചിട്ടുമുണ്ട് മെത്രാപ്പോലീത്ത. യാത്രാവിവരണങ്ങൾ, ജീവചരിത്രം, ആത്മകഥ, ഫലിതം, സഭാചരിത്രം എന്നിങ്ങനെ പല വിഭാഗങ്ങളിൽപെടുന്ന പുസ്തകങ്ങളിൽ പലതും അസീറിയൻ, അറബിക്, റഷ്യൻ ഭാഷകളിലേക്കു തർജമ ചെയ്യപ്പെട്ടിട്ടുമുണ്ട്.
വിശുദ്ധ ഫലിതങ്ങൾ, ബിഷപ്സ് ജോക്സ്, ലാഫ് വിത്ത് ദ ബിഷപ് എന്നീ നർമശേഖരങ്ങൾ നാനാജാതി മതസ്ഥരുടെ ശ്രദ്ധ നേടി. നിരവധി ക്രിസ്തീയഭക്തിഗാനങ്ങളും രചിച്ചു.
യേശുക്രിസ്തു സംസാരിച്ചിരുന്ന അറമായ (സുറിയാനി) ഭാഷ അറിയുന്ന തൃശൂരിലെ ഏക മെത്രാപ്പോലീത്തയായിരുന്നു മാർ അപ്രേം. അത്യപൂർവവും അതിപുരാതനവുമായ നിരവധി സുറിയാനിലിഖിതങ്ങളുടെ വിപുലശേഖരം അദ്ദേഹം സ്വന്തമാക്കിവച്ചിരുന്നു. 1585ൽ എഴുതിയ പ്രതിദിന പ്രാർഥനകളുടെ ഹുദ്ര, കാശ്കോൽ എന്നീ സുറിയാനി പുസ്തകങ്ങൾ മുതൽ മാർ തോമ ധർമോ, വിശുദ്ധനായ മാർ തിമോഥെയൂസ് തിരുമേനിയുടെ ഡയറി എന്നിവ ഇവയിലുൾപ്പെടുന്നു. ഈ പുസ്തകങ്ങളും രേഖകളും തൃശൂർ മാനുസ്ക്രിപ്റ്റ്സ് എന്ന പേരിൽ ആഗോള സുറിയാനി സഭയുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
ശ്രീനാരായണഗുരുവിന്റെ ദൈവദശകം മാർ അപ്രേം സുറിയാനിയിലേക്കു പരിഭാഷപ്പെടുത്തുക മാത്രമല്ല, 2016ൽ ഷാർജയിലെ വേദിയിൽ അത് അവതരിപ്പിക്കുകയും ചെയ്തു. ദൈവദശകം നൂറു ഭാഷകളിലേക്കു തർജമചെയ്യുന്നതിന്റെ ഭാഗമായാണ് സുറിയാനി ഭാഷയിലേക്കുള്ള തർജമ മാർ അപ്രേം ഏറ്റെടുത്തത്.
നിരവധി പുരസ്കാരങ്ങൾ മാർ അപ്രേം മെത്രാപ്പോലീത്തയെ തേടിയെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ കേംബ്രിജ് ഇന്റർനാഷണൽ ബയോഗ്രാഫിക്കൽ സെന്റർ സമ്മാനിച്ച മാൻ ഓഫ് അച്ചീവ്മെന്റ് അവാർഡ് (1984), മെഡൽ ഓഫ് മെറിറ്റ് ഓഫ് കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച്, ലിറ്റററി അവാർഡ് ഓഫ് തൃശൂർ റോട്ടറി ക്ലബ്(1990), ക്രൈസ്തവ സാഹിത്യസമിതിയുടെ വില്യം കേരി അവാർഡ്, വേൾഡ്വൈഡ് അവാർഡ് ഓഫ് തൃശൂർ (1991), മികച്ച എക്യുമെനിക്കൽ പ്രവർത്തകനുള്ള മേരി പോൾ ചമ്മണം അവാർഡ് (2002) എന്നിവ അവയിൽ ചിലതുമാത്രം.
Tags :