ADVERTISEMENT
പുതുക്കാട്: രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ അവിവാഹിതരായ മാതാപിതാക്കളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്പിൽ വീട്ടിൽ അനീഷ (22), ആമ്പല്ലൂർ ചേനക്കാല വീട്ടിൽ ഭവിൻ (26) എന്നിവരാണ് അറസ്റ്റിലായത്.
ഇവർക്കെതിരേ കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി. രണ്ടു കൊലപാതകങ്ങളും നടത്തിയത് അനീഷയാണെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച അർധരാത്രി അസ്ഥികളുമായി ഭവിൻ പുതുക്കാട് സ്റ്റേഷനിൽ എത്തിയതോടെയാണ് കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിലാണ് ഇവർ കുറ്റം സമ്മതിച്ചത്.2021 നവംബറിലാണ് ആദ്യത്തെ ശിശുവിനെ കൊലപ്പെടുത്തിയത്. എട്ടു മാസത്തിനുശേഷം കുഴി തോണ്ടി അസ്ഥി പുറത്തെടുത്ത് ഭവിനു കൈമാറി. 2024 ഓഗസ്റ്റിൽ രണ്ടാമതുണ്ടായ ശിശുവിനെയും കൊലപ്പെടുത്തി. മൃതദേഹം തുണിയിൽ പൊതിഞ്ഞ് തൊട്ടടുത്ത ദിവസം സ്കൂട്ടറിൽ എത്തിച്ച് ഭവിന് കൈമാറുകയായിരുന്നു. ഭവിന്റെ വീടിനു പിന്നിലെ തോട്ടിലാണ് കുഞ്ഞിനെ കുഴിച്ചിട്ടത്. നാലു മാസത്തിനുശേഷം അസ്ഥികൾ പുറത്തെടുത്ത് സൂക്ഷിച്ചു. മരണാനന്തര ചടങ്ങുകൾക്കായാണ് ഇതെന്നാണ് വിവരം. രണ്ടാമത്തെ കുട്ടിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയശേഷമാണ് അനീഷ കൊലപ്പെടുത്തിയത്. ഈ ചിത്രം അനീഷയുടെ ഫോണില്‍നിന്ന് പോലീസ് കണ്ടെടുത്തു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.
""അനീഷ കുഴിയെടുക്കുന്നത് കണ്ടു''
അനീഷ വീട്ടുവളപ്പില്‍ കുഴിയെടുക്കുന്നതും പിന്നീട് ബക്കറ്റില്‍ എന്തോ കൊണ്ടുവരുന്നതും കണ്ടതായി അയല്‍വാസിയായ സ്ത്രീ പറഞ്ഞു. എന്താണ് കൊണ്ടുവന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും രണ്ടുമൂന്നു കൊല്ലം മുമ്പാണ് സംഭവമെന്നും ഇവര്‍ പറഞ്ഞു. ഇതു നാട്ടില്‍ സംസാരവിഷയമായിരുന്നു. ആദ്യത്തെ ശിശുവിനെ കുഴിച്ചിട്ടതാവാം ഇതെന്ന് പോലീസ് സംശയിക്കുന്നു.
അതേസമയം, കുഞ്ഞിനെ അനീഷ കൊന്നതായി അറിയില്ലെന്ന് അനീഷയുടെ അമ്മ പറഞ്ഞു. ഭവിനും അനീഷയും തമ്മില്‍ പ്രണയമായിരുന്നുവെന്ന് അറിയാം. എന്നാല്‍ മകള്‍ ഗര്‍ഭിണിയായത് അറിഞ്ഞിരുന്നില്ലെന്നും അമ്മ പറഞ്ഞു.
Tags : kerala killing new born babies parents arrested