ADVERTISEMENT
കോട്ടയം: ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ നടപ്പാക്കുന്നതോടെ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഏറെ ഗുണംചെയ്യും. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), കുവൈറ്റ്, ബഹ്റൈന്‍, ഓമാന്‍, സൗദി, ഖത്തര്‍ എന്നി ആറ് രാജ്യങ്ങള്‍ ഒറ്റ വിസയില്‍ സന്ദര്‍ശിക്കുവാന്‍ കഴിയുന്ന ഏകീകൃത ടൂറീസ്റ്റ് വിസ ഉടന്‍ നിലവില്‍ വരുമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ജനറല്‍ സെക്രട്ടറി ജാസിം മുഹമ്മദ് അല്‍ബുദയ്വി വ്യക്തമാക്കിയിരുന്നു. പദ്ധതി ആരംഭിക്കുന്ന തീയതി, വിസ അപേക്ഷാ നടപടികള്‍, ഫീസ് ഘടന, സാധുതാ കാലാവധി തുടങ്ങിയ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.
വ്യത്യസ്ത ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളി കുടുംബങ്ങള്‍ ബന്ധുക്കളെ കൊണ്ടുപോകുന്നതിന് മുമ്പ് അതാത് രാജ്യങ്ങളിലേക്കുള്ള പ്രത്യേകം ടൂറിസ്റ്റ് വിസ എടുക്കുകയായിരുന്നു. പുതിയ ഏകീകൃത വിസ നടപ്പാക്കുന്നതോടെ ഒറ്റ വിസയില്‍ ആറ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനാകും. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സാമ്പത്തിക നേട്ടത്തിനൊപ്പം സൗകര്യവും വര്‍ധിക്കും. യുഎഇ എമിറേറ്റുകളായ അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ സഹായകമാകും.
2023 നവംബറില്‍ ഒമാനില്‍ നടന്ന ജിസിസി ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിലാണ് സിംഗിള്‍ എന്‍ട്രി വിസ അംഗീകരിച്ചത്. ഒറ്റ പെര്‍മിറ്റ് ഉപയോഗിച്ച് നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലൂടെ സഞ്ചരിക്കാന്‍ ആളുകളെ അനുവദിക്കുന്ന യൂറോപ്യന്‍ ഷെഞ്ചന്‍ വിസയ്ക്ക് സമാനമാണ് ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ. മൂന്നു മാസം വരെയായിരിക്കും വിസയുടെ കാലാവധി. ജിസിസി രാജ്യങ്ങളിലെ ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ സംയുക്തമായി പുതിയ വീസ അവതരിപ്പിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ നിരന്തര കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്. ഈ മാസം രണ്ടിന് റിയാദില്‍ നടന്ന ജിസിസി രാജ്യങ്ങളുടെ ഇമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍മാരുടെ യോഗത്തിലെ പ്രധാന അജന്‍ഡ ഏകീകൃത ടൂറിസ്റ്റ് വിസ ആയിരുന്നു.
വ്യോമ, നാവിക, കര ഗതാഗതം, ഹോട്ടല്‍, സുരക്ഷ എന്നി മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടമാണു പ്രതീക്ഷിക്കുന്നത്. പുതിയ നിക്ഷേപ പദ്ധതികള്‍ക്കും നീക്കം കരുത്ത് പകരും. വിനോദസഞ്ചാര മേഖല കൂടുതല്‍ സജീവമാകും.
. ഏകീകൃത ടൂറിസ്റ്റ് വിസ ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വിസ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് മുപ്പത്തൊന്നാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനത്തിനടെ യുഎഇ ധനമന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി സൂചിപ്പിച്ചിരുന്നു.
ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ മേഖലയിലൂടെയുള്ള യാത്രകള്‍ കൂടുതല്‍ സുഗമവും ചെലവ് കുറഞ്ഞതുമാക്കുമെന്ന് അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി പറഞ്ഞു. പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പദ്ധതി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ യാത്ര ചെയ്യാനുണ്ടായിരുന്ന വിസ നിയന്ത്രണങ്ങള്‍ക്കും തടസങ്ങള്‍ക്കും ഇത് പരിഹാരമാകും. ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള ഏകീകൃത നീക്കം മേഖലയുടെ സമഗ്ര വികസനത്തിനും ഗുണകരമാകുമെന്നതാണ് വിദഗ്ധരുടെ അഭിപ്രായം.
Tags : gulf tourist visa kerala tourism