ADVERTISEMENT
കോന്നി: പയ്യനാമൺ ചെങ്കുളത്ത് ക്വാറിയിൽ പാറ ഇടിഞ്ഞുവീണ് അപകടം. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ പെട്ടു. ഇതിൽ ഒരാളുടെ മൃതദേഹം കിട്ടി. ഒഡീഷ സ്വദേശി മഹാദേവി(51) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശി അജയ് റായ്ക്കായി തെരച്ചിൽ തുടരുകയാണ്. അടർന്നുവീണ പാറക്കെട്ടുകൾ ഇവരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. രണ്ടുപേരും കല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതു കാണാമായിരുന്നുവെങ്കിലും പുറത്തേക്ക് എടുക്കാൻ ബുദ്ധിമുട്ടായി. കാലാവസ്ഥ പ്രതികൂലമാകുകയും വീണ്ടും പാറമട ഇടിയുകയും ചെയ്ത സാഹചര്യത്തിൽ രാത്രിയിൽ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്നു രാവിലെ ഇത് പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് പാറമടയിൽ ഹിറ്റാച്ചി ഉപയോഗിച്ചുള്ള ജോലി നടക്കുന്നതിനിടെയാണ് അപകടം. ഹിറ്റാച്ചിയുടെ ഓപ്പറേറ്ററും സഹായിയുമായ ഇതര സംസ്ഥാന സ്വദേശികളാണ് അപകടത്തിൽപെട്ടത്. മലമുകളിൽനിന്നു വീണത് വലിയ പാറക്കെട്ടുകളായത് ദുരന്തത്തിന്റെ രൂക്ഷത വർധിപ്പിച്ചു. തൊഴിലാളികൾ ഉപയോഗിച്ചുവന്ന ഹിറ്റാച്ചി പൂർണമായി തകർന്നു കിടക്കുന്നത് കാണാം.
സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർക്ക് അപകടഭാഗത്തേക്ക് നീങ്ങാൻ ബുദ്ധിമുട്ടായി. ഉച്ചകഴിഞ്ഞ് മൂന്നോടെയുണ്ടായ അപകടം പുറംലോകം അറിഞ്ഞത് ഏറെ വൈകിയാണ്. വൈകുന്നേരമാണ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയത്.
രക്ഷാപ്രവർത്തനം ബുദ്ധിമുട്ടായതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് എൻഡിആർഎഫ് സംഘത്തെയും സ്ഥലത്ത് എത്തിച്ചു. 27 അംഗ സംഘമാണ് തെരച്ചിലിനെത്തിയത്.
Tags :