ADVERTISEMENT
അജി വള്ളിക്കീഴ്
കൊല്ലം: മാരിവില്ലെത്തിപ്പിടിക്കാൻ മോഹിച്ച കുഞ്ഞുമിഥുൻ ഒരു തീ നാളമായി എരിഞ്ഞടങ്ങി. ഹൃദയം നുറുങ്ങി മലയാളക്കര കുഞ്ഞുമകനെ യാത്രയാക്കി. തേവലക്കര ബോയ്സ് സ്കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ.
കുവൈറ്റിൽനിന്ന് ഇന്നലെ രാവിലെ എത്തിയ അമ്മ സുജ ഹൃദയം പൊട്ടിയൊഴുകിയ കണ്ണീരിൽ കുതിർത്ത് അന്ത്യചുംബനം നൽകി പൊന്നുമോനെ യാത്രയാക്കി. അതിവൈകാരിക നിമിഷങ്ങളായിരുന്നു അത്. വീട്ടുവളപ്പിലായിരുന്നു മിഥുന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. മിഥുന്റെ അനുജൻ സുജിനാണ് ചിതയ്ക്കു തീ കൊളുത്തിയത്.
മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി ആളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. മിഥുന്റെ വിയോഗം താങ്ങാനാകാതെ ഉറ്റവരും ഉടയവരും നാടാ കെയും അലമുറയിട്ട് വിലപിക്കുന്ന കാഴ്ച കണ്ണീരിലാഴ്ത്തുന്നതായിരുന്നു. രാവിലെ മുതൽ സ്കൂളിലും വീട്ടിലുമായി ആയിരങ്ങളാണ് മിഥുനെ കാണാനെത്തിയത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽനിന്ന് വിലാപയാത്രയായാണ് മൃതദേഹം സ്കൂളിലെത്തിച്ചത്. 11.45 നാണ് വിലാപയാത്ര സ്കൂളിലെത്തിയത്. മൃതദേഹം സ്കൂൾ മുറ്റത്തെത്തിയപ്പോൾ അധ്യാപകരും കൂട്ടുകാരും വിങ്ങിപ്പൊട്ടുകയായിരുന്നു. പോലീസിനും സ്കൂളിലെ എൻസി സി കുട്ടികൾക്കും പൊതു പ്രവർത്തകർക്കും തിരക്ക് നിയന്ത്രിക്കാനായില്ല.
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സംസ്കാരചടങ്ങിൽ പങ്കെടുത്തു.
ഇന്നലെ രാവിലെ ഒന്‍പതോടെയാണ് അമ്മ സുജ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. തുർക്കിയിൽനിന്ന് വെള്ളിയാഴ്ച വൈകുന്നേരം ആറിന് കുവൈറ്റിലേക്ക് തിരിച്ച സുജ പുലര്‍ച്ചെയാണ് ഇന്ത്യയിലേക്കു യാത്ര തിരിച്ചത്.
Tags : Mithun