ADVERTISEMENT
കേന്ദ്രസർക്കാർ 2022ൽ കൊണ്ടുവന്ന വന്യജീവി നിയമ ഭേദഗതിക്ക് ആറുമാസം നൽകിയിട്ടും വേണ്ട സമയത്ത് കൃത്യമായ ശിപാർശകർ നൽകുന്നതിൽ പരാജയപ്പെടുന്ന സംസ്ഥാന സർക്കാരിന്റെ വീഴ്ച നിഷ്കളങ്കമാണെന്ന് കരുതാൻ കഴിയില്ല. അതേസമയം, ഇത്തരം ഭേദഗതികളിൽ നാഷണൽ വൈൽഡ് ലൈഫ് ബോർഡിന്റെ ചില അംഗങ്ങളുടെ ജനദ്രോഹപരമായ ഇടപെടലുകളും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നുണ്ട്. ഈ ബോർഡിൽ ഉദ്യോഗസ്ഥരോടൊപ്പം അംഗങ്ങളായിരിക്കുന്ന പരിസ്ഥിതി എൻജിഒ വിഭാഗത്തിലെ അംഗങ്ങൾ ജനങ്ങൾക്ക് വലിയ അപകടം ചെയ്യുന്നവരായി മാറിയിരിക്കുകയാണ്. ബോർഡിലെ നിഷ്ക്രിയരായിട്ടുള്ള വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം പരിസ്ഥിതിയുടെ പേര് പറഞ്ഞ കയറിക്കൂടിയിരിക്കുന്ന അംഗങ്ങളാണ് ഇവിടെ ഉദ്യോഗസ്ഥരെ നോക്കുകുത്തിയായി നിർത്തിക്കൊണ്ട് ഇക്കൂട്ടരുടെ നിക്ഷിപ്ത താത്പര്യങ്ങളും അപ്രമാദിത്വവും പലപ്പോഴും ജനത്തിന്റെ മേൽ അടിച്ചേൽപ്പിക്കുന്നത്. ഈ വ്യാജ പരിസ്ഥിതി ലോബി സർവീസിൽനിന്നു വിരമിച്ച ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരാണ് എന്നതാണ് ഏറ്റവും വിചിത്രം.
കാലാകാലങ്ങളിൽ ഭരണത്തിൽ വരുന്ന കേന്ദ്രസർക്കാരിനെ സ്വാധീനിക്കുന്ന ഇവർ നാഷണൽ വൈൽഡ് ലൈഫ് ബോർഡിൽ അംഗങ്ങളായി കടന്നുകൂടി, സമ്പാദിച്ചുകൂട്ടി വിശാലമായ ആർഭാടജീവിതം നയിക്കുന്നവരുമാണ്. ഇവരുടെ താത്പര്യങ്ങൾക്കതീതമായി നീതി നടപ്പിലാക്കാൻ ശ്രമിക്കുകയോ ഇവർക്കെതിരായി നിൽക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും സസ്പെൻഡ് ചെയ്തും ശിക്ഷാനടപടികൾ സ്വീകരിപ്പിച്ചും വകവരുത്തുന്ന രീതിയാണ് ഇവരുടേത് എന്നറിയുന്നു. വന്യജീവി നിയമങ്ങൾ ഭേദഗതി വരുത്താനുള്ള പരിശ്രമങ്ങൾ നടക്കുമ്പോൾ നാഷണൽ വൈൽഡ് ലൈഫ് ബോർഡിലെ ഈ പരിസ്ഥിതി-വന്യജീവി പ്രഷർ ഗ്രൂപ്പാണ് അതിന്റെ അജൻഡ സെറ്റ് ചെയ്യുന്നതിൽ മുഖ്യപങ്കു വഹിക്കുന്നതത്രെ. അതുകൊണ്ടുതന്നെ നിയമഭേദഗതികളിൽ ഈ പ്രഷർ ഗ്രൂപ്പിന്റെ താത്പര്യങ്ങൾ പ്രതിഫലിക്കുന്നു, സംരക്ഷിക്കപ്പെടുന്നു. അതുകൊണ്ട് വന്യജീവി വിഷയത്തിൽ പലപ്പോഴും സംസ്ഥാനങ്ങൾ നൽകുന്ന പ്രത്യേക വിഷയങ്ങളും നിർദേശങ്ങളും പോലും ചർച്ചചെയ്യപ്പെടാതെ പോകുന്നുണ്ട് എന്നത് നാം ചേർത്ത് വായിക്കേണ്ടതാണ്.
കോഴിക്കോട് ജില്ലയിലെ 63.5 കിലോമീറ്റർ നീളത്തിൽ അതിരൂക്ഷമായ വന്യമൃഗ ആക്രമണം നേരിടുന്ന ജനവാസ മേഖലകളുടെ അതിർത്തിയിൽ സൗരോർജവേലി ഉടൻ സ്ഥാപിക്കും എന്ന പ്രഖ്യാപനവും ഉദ്ഘാടനവും വനം മന്ത്രി നടത്തിയിട്ട് വർഷം കഴിഞ്ഞിട്ടും വെള്ളത്തിൽ വരച്ച വര പോലെ അത് മാഞ്ഞു പോയിരിക്കുകയാണ്. ഈ സൗരവേലി വഞ്ചനയ്ക്കെതിരേ ജനങ്ങൾ പെരുവണ്ണാമൂഴിയിൽ ഇന്ന് “ഞങ്ങൾക്കും ഇവിടെ ജീവിക്കണം” എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപതയുടെ നേതൃത്വത്തിൽ അതിജീവന പ്രതിഷേധ റാലിയും ധർണയും നടത്തുകയാണ്. താമരശേരിയിലും നിലമ്പൂരും യഥാക്രമം ഇന്ന 9, 16 തീയതികളിൽ നിലനിപ്പിനു വേണ്ടിയുള്ള ഈ സമരം നടക്കും. ലക്ഷ്യം പ്രാപിക്കും വരെ ഈ സാരിവേലി സമരപരമ്പര കേരളം മുഴുവനും വ്യാപിപ്പിക്കും എന്നാണ് ജനങ്ങളുടെ തീരുമാനം.
സംസ്ഥാന സർക്കാരിന് ചെയ്യാവുന്ന നിരവധി പരിഹാരമാർഗങ്ങൾ ഒന്നുപോലും നടപ്പിൽ വരുത്താൻ താത്പര്യം കാണിക്കുന്നില്ല. വനം-വന്യജീവി ഉദ്യോഗസ്ഥരുടെ ഇംഗിതങ്ങൾക്ക് കീഴ്പ്പെട്ടും കപട പ്രകൃതിസ്നേഹികളുടെ താത്പര്യങ്ങളെ സംരക്ഷിച്ചും ജനങ്ങളുടെ ജീവനു നേരേയുള്ള വെല്ലുവിളികളെ അവഗണിക്കുകയാണ്.
സംസ്ഥാന സർക്കാരിന് ചെയ്യാമായിരുന്ന കാര്യങ്ങൾ ഇവയാണ്:
1. വനം-വന്യജീവി നിയമത്തിൽ കൃത്യമായ ഭേദഗതികൾ നിയമസഭയ്ക്ക് പാസാക്കാമായിരുന്നു.
2. വനപാലകർക്ക് ഭീഷണിയാകുമ്പോൾ മാത്രമല്ല, ജനങ്ങൾക്കു ഭീഷണിയാകുമ്പോഴും ഏതു വന്യജീവിയെയും കൊല്ലാമെന്നതടക്കമുള്ള നിയമം ഉപയോഗിക്കാമായിരുന്നു.
3. വന്യജീവികളാൽ ജീവൻ നഷ്ടപ്പെടുന്നവർക്ക് അർഹതപ്പെട്ട 24 ലക്ഷം രൂപയെങ്കിലും കൊടുക്കാമായിരുന്നു. പകരം വന്യജീവി ആക്രമണ മരണങ്ങളിലെ നഷ്ടപരിഹാരം സംബന്ധിച്ച അമിക്കസ് ക്യൂറി, അഡ്വ. എം.വി. മാധവൻകുട്ടി ഹൈക്കോടതിക്ക് നൽകിയ ശിപാർശയിലെ 24 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഹൈക്കോടതി പരിഗണിക്കാനിരിക്കെ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നഷ്ടപരിഹാരത്തുക 10 ലക്ഷം രൂപയായി കുറച്ച് തുടക്കത്തിൽ ഉത്തരവിറക്കി.
4. നാട്ടിൽ ഇറങ്ങുന്ന കാട്ടുമൃഗങ്ങൾക്ക് പരിരക്ഷയില്ല എന്ന നിലപാടെടുക്കാം.
5. നാടും കാടും വേർതിരിക്കുന്ന കൃത്യമായ സംരക്ഷണവേലികളും കിടങ്ങുകളും സോളാർ ഫെൻസിംഗും കേവല പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളുമാകാതെ ഉറപ്പുവരുത്താമായിരുന്നു.
6. വനത്തിന്റെ പേരിൽ കാടിനുള്ളിൽ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്ന തേക്ക് അടക്കമുള്ള തോട്ടങ്ങളും യൂക്കാലിപ്സും അക്കേഷ്യയും പോലുള്ള മരങ്ങളും വനത്തിന്റെതന്നെ ആവാസ വ്യവസ്ഥയെ ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുന്നു. എന്നിട്ടും വനംവകുപ്പുതന്നെ പ്രോത്സാഹിപ്പിച്ചു വളർത്തിയ സെന്ന സ്പെക്ടബിലിസ് അഥവാ മഞ്ഞക്കൊന്ന എന്ന വിദേശ സസ്യം പാടെ ഒഴിവാക്കാമായിരുന്നു.
7. കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യത്തിൽ കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലെന്നും കുരങ്ങടക്കം ഒന്നാം പട്ടികയിൽ പെട്ട മൃഗങ്ങളുടെ കാര്യത്തിൽ വൈൽഡ് ലൈഫ് മാനേജ്മെന്റ് പ്രൊവിഷൻസ് വച്ച് സംസ്ഥാന സർക്കാരിനുതന്നെ തീരുമാനങ്ങൾ എടുക്കാമെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ലോകസഭയിൽ അറിയിച്ചതാണ്. തുടർന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് സംസ്ഥാന സർക്കാരിൽനിന്നു വരുന്നത്.
Tags :