ADVERTISEMENT
സഭൈക്യരംഗത്തും സുറിയാനി ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്കും അദ്വിതിയമായ സംഭാവനകൾ നല്കിയ സഭാചാര്യനായിരുന്നു മാർ അപ്രേം മെത്രാപ്പോലീത്ത. സുറിയാനി ഭാഷയെ സ്നേഹിച്ച ഒരുശ്രേഷ്ഠപുരോഹിതൻ. നീതിബോധത്തോടും വിശുദ്ധിയോടും സ്വന്തം സഭയ്ക്കുള്ളിലെയും പുറത്തെയും സഭൈക്യ സംഭാഷണങ്ങളിൽ ഇടപെട്ട മേല്പട്ടക്കാരനായിരുന്നു അദ്ദേഹം.
സുറിയാനി ഭാഷ ചെറുപ്പം മുതൽ അഭ്യസിച്ചിരുന്നു. വേദഭാഷയുടെ വളർച്ചയ്ക്കുവേണ്ടിയുള്ള ആഗോള പ്രവർത്തനങ്ങളിൽ മുഖ്യമായ പങ്ക് മാർ അപ്രേമിനുണ്ട്. പിന്നീട് കേരളത്തിൽ സുറിയാനി ഭാഷാസാഹിത്യത്തിനായി ഒരു സ്ഥാപനം വേണമെന്ന ചിന്ത ഉടലെടുത്ത പശ്ചാത്തലത്തിൽ അതിലെ നിർണായകമായ വ്യക്തിയായിത്തീരാനും അദ്ദേഹത്തിനു സാധിച്ചു. 1980ൽ ജർമനിയിലെ ഗോസ്ലാറിൽ നടന്ന ലോക സുറിയാനി സമ്മേളനത്തിൽ മാർ അപ്രേമും തിരുവല്ല മെത്രാൻ ഐസക് മാർ യൂഹാനോനുമാണ് ഇത്തരമൊരു സ്ഥാപനത്തിന്റെ ആവശ്യകതയെപ്പറ്റി സമ്മേളനത്തെ ഉദ്ബോധിപ്പിച്ചത്. അങ്ങനെ, സെന്റ് എഫ്രേംസ് എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - ‘സീരി’ - എന്ന പഠന, ഗവേഷണ സ്ഥാപനത്തിന് പണ്ഡിതലോകത്തിന്റെ പിന്തുണ ഉറപ്പാക്കി. 1985 സെപ്റ്റംബർ 14ന് നടന്ന സീരിയുടെ ഉദ്ഘാടനസമ്മേളനത്തിൽ അദ്ദേഹം പ്രധാന പ്രഭാഷകനുമായിരുന്നു.
1995ൽ, കോട്ടയത്തെ മഹാത്മാഗാന്ധി സർവകലാശാല സീരിയെ സുറിയാനിഭാഷയിലും സാഹിത്യത്തിലും എംഎ, പിഎച്ച്ഡി ബിരുദങ്ങൾ നല്കുന്ന കേന്ദ്രമായി അംഗീകരിച്ചു. മാർ അപ്രേം ഇവിടെ പിഎച്ച്ഡിക്ക് രജിസ്റ്റർ ചെയ്തു. ലണ്ടനിലെ ലാംബെത്ത് പാലസ് ലൈബ്രറി, ബ്രിട്ടീഷ് ലൈബ്രറി, റോം, ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട്, ഹാർവാർഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അഞ്ചു വർഷത്തെ വിപുലമായ ഗവേഷണ യാത്രയ്ക്കും വായനയ്ക്കും ശേഷം അദ്ദേഹം 2000 ഒക്ടോബറിൽ തന്റെ പിഎച്ച്ഡി പ്രബന്ധം സമർപ്പിച്ചു. 2002 മേയിൽ മഹാത്മാഗാന്ധി സർവകലാശാലയുടെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽനിന്നു ഡോക്ടർ ബിരുദം വിജയകരമായി കരസ്ഥമാക്കി. സീരിയിൽ ഗവേഷണം ചെയ്തു ഡോക്ടർ ബിരുദം നേടിയ ആദ്യത്തെ വ്യക്തി! അദ്ദേഹത്തിന്റെ രണ്ടാമത്തെ ഡോക്ടറേറ്റും.
ഇന്ത്യയിലും വിദേശത്തുമായി നടന്ന ഒട്ടുമിക്ക സുറിയാനി കോൺഫറൻസുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. പൗരസ്ത്യ സുറിയാനിയിലെ അപൂർവമായ കൈയെഴുത്തുപ്രതികളുടെ ഒരു ശേഖരംതന്നെ മാർ അപ്രേമിന്റെ പക്കലുണ്ട്. സീരിയുമായി സഹകരിച്ച് ഈ കൈയെഴുത്തുപ്രതികളുടെ സംരക്ഷണത്തിനായുള്ള എക്യുമെനിക്കൽ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം സജീവമായി പങ്കെടുത്തു.
സഭാ കാര്യങ്ങൾക്കുവേണ്ടിയുള്ള നിരവധി യാത്രകൾ നടത്തുന്നതിനിടയിലും അദ്ദേഹം ദൈവശാസ്ത്രഗ്രന്ഥങ്ങൾ രചിക്കുന്നതിനും സമയം കണ്ടെത്തി. പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ചരിത്രം, കൗദാശിക ദൈവശാസ്ത്രം, പ്രേഷിത പ്രവർത്തനങ്ങൾ എന്നിവയെപ്പറ്റിയുള്ള അധികാരിക പഠനങ്ങളാണ് അവ. അന്തർദേശീയ സമ്മേളനങ്ങളിൽ അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ദൈവശാസ്ത്രം, ജീവചരിത്രം, യാത്രാവിവരണം മുതലായ നിരവധി ശാഖകളിലായി എഴുപതിലേറെ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അവയിൽ നാലോ അഞ്ചോ എണ്ണമൊഴികെ മറ്റെല്ലാം ഇംഗ്ലീഷിലാണ്. ഭക്തിഗാനരചനയിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഗിത്താർ വായിച്ചിരുന്ന തിരുമേനി മറ്റു സംഗീതോപകരണങ്ങൾ പഠിക്കാനും ശ്രമിച്ചിരുന്നു. എട്ടു ഭാഷകളിൽ അദ്ദേഹത്തിനു പ്രാവീണ്യമുണ്ടായിരുന്നു.
1968 ഒക്ടോബർ മുതൽ അദ്ദേഹം തൃശൂർ കേന്ദ്രമായ ഇന്ത്യയിലെ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ഭരണം നിർവഹിച്ചിരുന്നു. അക്കാലം മുതൽ സഭൈക്യ സംഭാഷണങ്ങളിലും പ്രസ്ഥാനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. 1990 ജൂണിൽ വിയന്നയിലെ പ്രോ ഓറിയന്തെ സംഘടിപ്പിച്ച സിമ്പോസിയത്തിൽ മാർ അപ്രേം പ്രബന്ധം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രബന്ധത്തിന്റെ തലക്കെട്ട് ‘നെസ്തോറിയസ് ഒരു നെസ്തോറിയൻ ആയിരുന്നോ’ എന്നായിരുന്നു. പ്രോ ഓറിയന്തെയുടെ സുറിയാനി കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള ആദ്യപടിയായിരുന്നു ഇത്. 1994ൽ സുറിയാനി കമ്മീഷൻ രൂപീകരിച്ചതു മുതൽ അദ്ദേഹം അതിന്റെ ചർച്ചകളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്.
വത്തിക്കാനും അസീറിയൻ സഭയും തമ്മിലുള്ള ദൈവശാസ്ത്ര സംഭാഷണത്തിനായുള്ള പത്തംഗ സംയുക്ത സമിതിയുടെ സഹ അധ്യക്ഷനാണ് അദ്ദേഹം. അസീറിയൻ സഭയുടെ കൂദാശകളെക്കുറിച്ച് ഈ സമിതി കാര്യമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. കിഴക്കൻ അസീറിയൻ സഭയുടെ രണ്ട് കലണ്ടർ ഗ്രൂപ്പുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ അദ്ദേഹം നിർണായക പങ്കാളിത്തം വഹിച്ചു. 1995 ഫെബ്രുവരിയിൽ വിയന്നയിൽ നടന്ന പ്രോ ഓറിയന്തെ യോഗങ്ങളിൽ അദ്ദേഹവും കലണ്ടർ ഗ്രൂപ്പിലെ ബിഷപ് മാർ ബവായ് സോറോയും വിയന്ന നിർദേശങ്ങൾ തയാറാക്കി. ഒടുവിൽ 1995 നവംബറിൽ ഇന്ത്യയിൽ കൊണ്ടുവന്ന ഐക്യത്തിന്റെ സൂത്രധാരനായിരുന്നു അദ്ദേഹം.
സുറിയാനി ഭാഷയ്ക്കും സാഹിത്യത്തിനും മാർ അപ്രേം മെത്രാപ്പോലീത്തയുടെ വിയോഗം തീരാനഷ്ടമാണ്. തുടക്കം മുതൽ സീരിയുടെ സഹകാരിയും അഭ്യുദയകാംക്ഷിയും മാത്രമല്ല, ദിശാബോധം നൽകുന്ന നേതൃസ്ഥാനീയനുമായിരുന്നു മാർ അപ്രേം. അസീറിയൻ സഭയുടെ പാത്രിയർക്കീസിനെ സീരിയിൽ കൊണ്ടുവരാനും പ്രസംഗിപ്പിക്കാനും അദ്ദേഹം മുൻകൈയെടുത്തു. സീരിയിൽ നടന്നിട്ടുള്ള എല്ലാ അന്തർദേശീയ സിന്പോസിയങ്ങളിലും നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തെ സീരി ഗൃഹാതുരത്വത്തോടെ ഓർമിക്കും. ശ്രേഷ്ഠാചാര്യനു വിട.
Tags :