ADVERTISEMENT
മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയകൾ പുനരാരംഭിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ മുടങ്ങിക്കിടന്ന ശസ്ത്രക്രിയകൾ ഉപകരണങ്ങൾ എത്തിയതോടെ ഇന്നലെ പുനരാരംഭിച്ചു. ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ഉപകരണങ്ങൾ ലഭിക്കാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ ഏറെ വിവാദമായിരുന്നു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ഹൈദരാബാദിൽനിന്നു വിമാനമാർഗം ഇന്നലെ രാവിലെയോടെ എത്തിച്ചതിനു ശേഷമാണ് ശസ്ത്രക്രിയകൾ പുനരാരംഭിക്കാനായത്.
ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങളാണു ഹൈദരാബാദിൽനിന്ന് ഇന്നലെ എത്തിച്ചത്. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ക്ഷാമം മൂലം രോഗികൾ അനുഭവിക്കുന്ന ദുരിതം വെളിപ്പെടുത്തി ശനിയാഴ്ചയാണ് ഡോ. ഹാരിസ് സമൂഹമാധ്യമത്തിൽ കുറിപ്പെഴുതിയത്. ഇതു വിവാദമായതോടെ വിഷയം പരിശോധിക്കാൻ സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചു.അന്വേഷണ സമിതിയുടെ പരിശോധനയിലും ഉപകരണങ്ങളുടെ പോരായ്മ കണ്ടെത്തിയിരുന്നു. ഉപകരണങ്ങൾ വാങ്ങുന്നതിന് മെഡിക്കൽ കോളജുകളിലെ സൂപ്രണ്ടുമാർക്കുള്ള അധികാരം പരിമിതമാണെന്നും ഇതു കാലോചിതമായി മാറ്റി നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും സമിതി നിർദേശിച്ചു.
മെഡിക്കൽ കോളജ് ആശുപത്രിയിലെ അധ്യാപകരുടെ പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ചു കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജിഎംസിടിഎ) നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധ പരിപാടികൾ ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്നു.
ഡോ. ഹാരിസിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി
കണ്ണൂർ: തിരുവനന്തപുരം മെഡിക്കൾ കോളജിലെ പ്രശ്നങ്ങൾ പുറം ലോകത്തെ അറിയിച്ച് ഡോ. ഹാരിസ് ഹസനെ പേരെടുത്തു പറയാതെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കണ്ണൂരിൽ നടന്ന നാലു ജില്ലകളുടെ അവലോകന യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെയുടെ വിമർശനം.
തിരുവനന്തപുരം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടുവന്ന വാർത്തയിലെ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ല. നല്ല അർപ്പണബോധത്തോടെ ജോലി ചെയ്യുന്ന, അഴിമതി തീണ്ടാത്ത ആത്മാർഥതയോടെ ജോലി എടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥനാണ്. എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തനം ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിച്ചതിന് കാരണമായി. ഒരതൃപ്തി ഉണ്ടായാൽതന്നെ, അത് കേരളത്തെ വലിയ തോതിൽ താറടിച്ചുകാണിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികൾക്ക് ഉപയോഗിക്കാൻ കഴിയുംവിധം പുറത്തുവിടുന്നത് ശരിയായ രീതിയല്ല.
ഇത്തരം നിലപാടുകൾ സർക്കാർ നടത്തുന്ന നല്ല പ്രവർത്തനങ്ങളെയെല്ലാം തെറ്റായി ചിത്രീകരിക്കുന്നതിന് ഇടയാക്കും. എല്ലാ കാര്യവും പൂർണമായിരിക്കും എന്ന് ആർക്കും പറയാൻ കഴിയില്ല. നമ്മുടെ മെഡിക്കൽ കോളജുകളിൽ അതിസങ്കീർണമായ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. ആ ശസ്ത്രക്രിയകൾക്കാവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആ ശസ്ത്രക്രിയയ്ക്ക് വേണ്ട ഉപകരണങ്ങളിൽ ചിലപ്പോൾ ചിലത് ഇല്ലാത്ത സ്ഥിതിയുണ്ടാകാം. അത് എല്ലാക്കാലത്തും ഉള്ള നിലയല്ല. വളരെ വേഗം തന്നെ അത്തരം ഉപകരണങ്ങൾ വാങ്ങി നൽകാറുണ്ട്. അദ്ദേഹം ഉന്നയിച്ച പ്രശ്നത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടുണ്ട്. ഏതെങ്കിലും ഒരു വിഷയത്തിന്റെ പേരിൽ സർക്കാർ നടത്തുന്ന നല്ല പ്രവർത്തനങ്ങളെ കൂടി താറടിക്കുന്ന രീതിയിൽ കാര്യങ്ങളെത്തിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.