ADVERTISEMENT
തിരുവനന്തപുരം: ഭരണഘടന നിർമാണ സഭ ചർച്ചകളുടെ മലയാള പരിഭാഷയുടെ ആദ്യ വോള്യത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ സ്പീക്കർ എ.എൻ. ഷംസീറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പുസ്തകത്തിന്റെ കോപ്പി നൽകിക്കൊണ്ടാണ് മുഖ്യമന്ത്രി പ്രകാശനകർമം നിർവഹിച്ചത്.
രാവിലെ ഒമ്പതിന് നിയമസഭാവളപ്പിലെ ദേശീയ നേതാക്കളുടെ പ്രതിമകളിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച പരിപാടിയുടെ ഭാഗമായി നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ നിയമസഭാങ്കണത്തിൽ സംഘടിപ്പിച്ച ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണവും ഭരണഘടനാനിർമാണ പ്രവർത്തനങ്ങളും സംബന്ധിച്ച പ്രദർശനത്തിന്റെ ഉദ്ഘാടനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു. തുടർന്ന് മുൻനിയമസഭാ സാമാജികർ, മുൻ സെക്രട്ടറിമാർ, മുൻ ജീവനക്കാർ, പത്രപ്രവർത്തകർ എന്നിവർ പങ്കെടുത്ത ‘പെയ്തിറങ്ങുന്ന ഓർമകൾ’ എന്ന സ്നേഹകൂട്ടായ്മയും, ഉച്ചയ്ക്കു ശേഷം ‘കോണ്‍സ്റ്റിറ്റ്യൂഷണൽ ഫെഡറലിസം-എമേർജിംഗ് ചലഞ്ചസ് ആൻഡ് റെസ്പോണ്‍സസ്’ എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു.
കൂടാതെ നിയമനിർമാണത്തെയും മറ്റനുബന്ധ കാര്യങ്ങളെയും സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് തയാറാക്കിയ വിവിധ പുസ്തകങ്ങളുടെ പ്രകാശനവും, 25 വർഷം പൂർത്തിയാക്കുന്ന സമാജികരെയും, മുൻ സാമാജികർ, മുൻ സെക്രട്ടറിമാർ, മുൻ ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവരിൽ നിന്നുമുള്ള മുതിർന്നവരെയും പരിഭാഷാ വിദഗ്ധസമിതി ചെയർമാൻ ഡോ. എൻ.കെ. ജയകുമാർ, ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുൻ നിയമസഭാംഗം എം.ജെ. ജേക്കബ് തുടങ്ങിയവരെയും ആദരിച്ചു. പുസ്തകോത്സവവുമായി ബന്ധപ്പെട്ട മാധ്യമ അവാർഡ്, മെഗാഷോ വിജയികൾ, മ്യൂസിയം ദിനാഘോഷവുമായി ബന്ധപ്പെട്ട ഉപന്യാസമത്സര വിജയികൾ എന്നിവർക്കുള്ള പുരസ്കാരവിതരണവും നടന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, എം.ബി. രാജേഷ് എന്നിവർ നിയമസഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ മറ്റു പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചു.
എ.കെ. ശശീന്ദ്രൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, പി.ജെ. ജോസഫ് എംഎൽഎ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. നിയമസഭ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ, ഡോ. എൻ.കെ. ജയകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Tags :