ADVERTISEMENT
കൊച്ചി: കേരള ഡിജിറ്റല്‍, ടെക്നിക്കല്‍ സര്‍വകലാശാലകളില്‍ താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച വിഷയത്തിൽ ഗവർണര്‍ക്കു ഹൈക്കോടതിയില്‍നിന്നു തിരിച്ചടി.
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താത്കാലിക നിയമനം നടത്തിയ നടപടി നിയമപരമല്ലെന്നു ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ഇതുസംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാനാകില്ലെന്നു കോടതി വ്യക്തമാക്കി. രണ്ടു സര്‍വകലാശാലകളിലും സ്ഥിരം വിസിമാരെ നിയമിക്കാന്‍ ചാന്‍സലറും സര്‍ക്കാരും ചേര്‍ന്ന് അടിയന്തര നടപടിയെടുക്കണമെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രനും പി.വി. ബാലകൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
താത്കാലിക വിസി നിയമനങ്ങളില്‍ സര്‍ക്കാരിന്റെ ശിപാര്‍ശപ്രകാരമാണു ചാന്‍സലര്‍ തീരുമാനമെടുക്കേണ്ടതെന്ന് ഡിജിറ്റല്‍ സര്‍വകലാശാലാ നിയമത്തിന്റെ 11(10) വകുപ്പിലും ടെക്നിക്കല്‍ യൂണിവേഴ്സിറ്റി നിയമത്തിന്റെ 13(7) വകുപ്പിലും എടുത്തുപറയുന്നുണ്ട്. മൂന്നുപേരടങ്ങുന്ന പാനലില്‍നിന്ന് ഏറ്റവും യോഗ്യനായ വ്യക്തിയെ നിയമിക്കണമെന്നുമുണ്ട്. ഇതിനു വിരുദ്ധമായി സര്‍ക്കാര്‍ ശിപാര്‍ശ പരിഗണിക്കാതെയും പാനല്‍ തയാറാക്കാതെയുമായിരുന്നു നിയമനങ്ങള്‍. ഇക്കാര്യത്തില്‍ യുജിസി റെഗുലേഷന് അനുസരിച്ചാണു തീരുമാനമെടുത്തതെന്നും കേന്ദ്ര നിയമമാണു മുകളിലെന്നും ചാന്‍സലര്‍ വാദിച്ചിരുന്നു.
എന്നാല്‍, യുജിസി റെഗുലേഷനില്‍ താത്കാലിക വിസി നിയമനങ്ങള്‍ പ്രതിപാദിക്കുന്നില്ലെന്നും ഇതുസംബന്ധിച്ച സര്‍വകലാശാലാ നിയമങ്ങള്‍ അതിനാല്‍ത്തന്നെ സ്വതന്ത്രമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍വകലാശാല നിയമനങ്ങളില്‍ പരമാവധി ആറു മാസത്തേക്കാണു താത്കാലിക വിസി നിയമനങ്ങള്‍ നിര്‍ദേശിക്കുന്നത്. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ ഈ സമയപരിധി കഴിഞ്ഞിരിക്കുന്നു. സ്ഥിരം വൈസ് ചാന്സലറില്ലാത്ത അവസ്ഥ സര്‍വകലാശാലാ സംവിധാനത്തിനും വിദ്യാര്ഥിതാത്പര്യത്തിനും നിരക്കാത്തതാണ്. അതിനാല്‍ എത്രയും പെട്ടെന്ന് സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു.
വൈസ് ചാന്‍സലര്‍ സര്‍വകലാശാലാ സംവിധാനത്തിന്റെ കിങ്പിന്‍ ആണെന്നും സര്‍വകലാശാലയുടെ ബോധ്യങ്ങളുടെ സംരക്ഷകനാണെന്നുമുള്ള ഗംഭീര്‍ധന്‍ കേസിലെ സുപ്രീംകോടതി നിരീക്ഷണം വിധിന്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിസിയുടെ ഒഴിവ് സര്‍വകലാശാലയുടെ ഉത്തമ താത്പര്യത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഡിജിറ്റല്‍ സര്‍വകലാശാലയുടെ താത്കാലിക വിസി ഡോ. സിസ തോമസും സാങ്കേതിക സര്‍വകലാശാല താത്കാലിക വിസി ഡോ. കെ. ശിവപ്രസാദും നല്കിയ ഹര്‍ജികളും ഡിവിഷന് ബെഞ്ച് തള്ളുകയായിരുന്നു.
Tags : governor of kerala