ADVERTISEMENT
രാജപുരം (കാസർഗോഡ്): സെന്റ് പയസ് ടെൻത് കോളജിലെ മൈക്രോബയോളജി വിഭാഗത്തിലെ വിദ്യാർഥികൾ ഗവേഷണ പ്രോജക്ടിൽ നാലു പുതിയ ബാക്ടീരിയകളെ കണ്ടെത്തി. അസി.പ്രഫസർ ഡോ. സിനോഷ് സ്കറിയാച്ചൻ വിദ്യാർഥികൾ കണ്ടെത്തിയ ബാക്ടീരിയകൾക്കു കോളജിന്റെ പേരു നൽകി ലോകാരോഗ്യസംഘടനയുടെ കീഴിലുള്ള അമേരിക്കയിലെ അന്താരാഷ്ട്ര ജീൻ ബാങ്കിൽ രജിസ്റ്റർ ചെയ്തതോടെ ഈ പാഠ്യപ്രക്രിയ ചരിത്രമായി മാറി.
സെന്റ് പയസ് കോളജിന്റെയും മൈക്രോബയോളജി വിഭാഗത്തിന്റെയും ചുരുക്കെഴുത്ത് ചേർത്ത് എസ്ടിപി മൈക്രോ-1, എസ്ടിപി മൈക്രോ-2, എസ്ടിപി മൈക്രോ-3, എസ്ടിപി മൈക്രോ-4 എന്നിങ്ങനെയാണ് ബാക്ടീരിയകൾക്ക് പേരു നൽകിയിരിക്കുന്നത്.
ഈ ബാക്ടീരിയകൾ മനുഷ്യന് ദോഷകരമല്ല. മനുഷ്യന്റെ ചർമത്തിൽനിന്നും മീൻ അവശിഷ്ടങ്ങളിൽ നിന്നുമാണ് ഇവയെ കണ്ടെത്തിയത്. അധ്യാപകരായ ഡോ.എൻ.വി.വിനോദ്, ഡോ. സിനോഷ് സ്കറിയാച്ചൻ, ഡോ.കെ.എൻ.അഭിനി എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികളായ വി.കെ.ചന്ദന, എ.അനന്യ, ഹാലിമ സിയ, വി.ശ്രീക്കുട്ടി, കെ.ആർ. ഹരികൃഷ്ണൻ, ടി.അർജുൻ, വി.അർജുൻ, എ.അശ്വിൻരാജ്, സി.എച്ച്.നയീമ, ടി.പി.അമൃത, ആയിഷത്ത് മുബീന, മറിയ ടോം, സായിവർഷ എന്നീ വിദ്യാർഥികളാണ് നേട്ടത്തിന് പിന്നിൽ.
കേരളത്തിൽ ആദ്യമായാണ് ഗവേഷണനേട്ടം ഒരു കോളജിന്റെയും ഡിപ്പാർട്ട്മെന്റിന്റെയും പേരിൽ അറിയപ്പെടുന്നത്. ആന്റിബയോട്ടിക്കുകളുടെ നിർമാണത്തിനടക്കം മുതൽക്കൂട്ടാകുന്ന കണ്ടുപിടിത്തമാണ് മലയോരമേഖലയിലെ ഈ കോളജിൽ നിന്നുമുണ്ടായിരിക്കുന്നത്. സാധാരണക്കാരായ വിദ്യാർഥികളെ വലിയ സ്വപ്നസാക്ഷാത്കാരത്തിലേക്ക് കൈപിടിച്ചുയർത്താൻ കഴിഞ്ഞുവെന്നതാണ് കോളജിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് പറഞ്ഞു. നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഗവേഷകരെ കോട്ടയം അതിരൂപത സഹായ മെത്രാനും കോളജ് മാനേജരുമായ മാർ ജോസഫ് പണ്ടാരശേരിൽ അഭിനന്ദിച്ചു.
Tags : saint pious tenth college new bacteria kerala students kasargod colleges