ADVERTISEMENT
തിരുവനന്തപുരം: തേലവക്കര സ്കൂള്‍ വിദ്യാര്‍ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.
വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചു. പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യണമെന്ന് മാനേജ്മെന്റിന് നിർദേശം നൽകിയിട്ടുണ്ട്. മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂള്‍ മാനേജ്മെന്റിന് എതിരെ നടപടി എടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ട്. ആവശ്യമെങ്കില്‍ സ്കൂള്‍ തന്നെ സര്‍ക്കാരിന് ഏറ്റെടുക്കാം. വീഴ്ച ഉണ്ടെന്നു കണ്ടാല്‍ നോട്ടിസ് നല്കി പുതിയ മാനേജരെ നിയമിക്കാം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്കൂളിന്റെ അംഗീകാരം തിരിച്ചെടുക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
മരിച്ച മിഥുന്റെ കുടുംബത്തിന് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് മുഖേന വീടു നിര്‍മിച്ചു നല്‍കും. ഇളയ കുട്ടിയുടെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഫീസ് ഉള്‍പ്പെടെ ഒഴിവാക്കി ഉത്തരവിറക്കും.
മിഥുന്റെ കുടുംബത്തിന് വിദ്യാഭ്യാസവകുപ്പ് മൂന്നു ലക്ഷം രൂപ സഹായം നല്‍കും. മുഖ്യമന്ത്രി എത്തിയ ശേഷം തുടര്‍സഹായം സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags : Student died electric shock