ADVERTISEMENT
തിരുവനന്തപുരം: 2025-2026 ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതി 2025 ജൂൺ 30 നു അവസാനിക്കും. ജനറൽ ആംനെസ്റ്റി പദ്ധതി 2025, ഫ്ലഡ് സെസ് ആംനെസ്റ്റി 2025, ബാർ ഹോട്ടലുകൾക്കായുള്ള ആംനെസ്റ്റി 2025, ഡിസ്റ്റിലറി അരിയർ സെറ്റിൽമെന്റ് സ്കീം 2025 എന്നീ നാല് തരത്തിലുള്ള ആംനെസ്റ്റി പദ്ധതികളാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
ജിഎസ്ടി നിയമം നിലവിൽവരുന്നതിനു മുൻപുള്ള നികുതി നിയമങ്ങളുമായി ബന്ധപ്പെട്ട കുടിശികകൾ തീർപ്പാക്കുന്നതിനുവേണ്ടി നടപ്പിലാക്കിയ സമഗ്ര കുടിശിക നിവാരണ പദ്ധതിയാണ് ജനറൽ ആംനെസ്റ്റി പദ്ധതി 2025. പദ്ധതിയിൽ ഭാഗമാകുന്നവർക്ക് നികുതി കുടിശികയുടെ നിശ്ചിത ശതമാനം കിഴിവും പിഴയിലും പലിശയിലും പൂർണ ഒഴിവും ലഭ്യമാകും. പദ്ധതി പ്രകാരം ബാധകമാകുന്ന നിരക്കിലുള്ള നികുതി തുക ഇ-ട്രഷറി പോർട്ടലായ www.etreasury.kerala.gov.in എന്ന വെബ് സൈറ്റ് വഴി അടച്ചതിനു ശേഷം അപ്രകാരം അടച്ചതിന്റെ വിവരങ്ങളും അനുബന്ധ ചലാനുകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള അപേക്ഷ 2025 ജൂൺ 30 നകം സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ്സൈറ്റായ www.keralataxes.gov.in വഴി ഓൺലൈനായി സമർപ്പിക്കണം.
2019 ഓഗസ്റ്റ് മുതൽ 2021 ജൂലൈ വരെയുള്ള കാലയളവിലെ ഫ്ലഡ് സെസ് ഒടുക്കാൻ ബാക്കിയുള്ളവർ, 2025 ജൂൺ 30 നുള്ളിൽ ഇ-ട്രഷറി പോർട്ടലായ www.etreasury.kerala.gov.in എന്ന വെബ് സൈറ്റ് വഴി കുടിശികവന്ന സെസ് തുക ഒടുക്കി അസസിംഗ് അഥോറിറ്റിയെ അറിയിച്ചാൽ, ഫ്ലഡ് സെസ്സ് ആംനെസ്റ്റി, 2025 പ്രകാരം പലിശയും, പിഴയും പൂർണമായും ഒഴിവാക്കും.
ബാർ ഹോട്ടലുകാർ 2005-06 മുതൽ 2020-21 വർഷം വരെയുള്ള എല്ലാ ടേൺഓവർ ടാക്സ് കുടിശികകളും തീർപ്പാക്കാനായി പൂർണമായ ടേൺഓവർ ടാക്സ് കുടിശികയും സെസും പലിശയുടെ അൻപത് ശതമാനവും ഇ-ട്രഷറി പോർട്ടലായ www.etreasury.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഒടുക്കിയ ശേഷം ആയതിന്റെ ഇ - ചെല്ലാനും, ആംനെസ്റ്റിക്കായുള്ള ഓഫ്ലൈൻ അപേക്ഷയും 30 നുള്ളിൽ അസസിംഗ് അഥോറിറ്റി മുൻപാകെ സമർപ്പിച്ചാൽ ബാക്കി പലിശയും പിഴയും ഒഴിവാക്കും.
കുടിശിക ഉണ്ടായിട്ടും ഈ അവസരം പ്രയോജനപ്പെടുത്തി നികുതി കുടിശിക തീർപ്പാക്കാത്തവർക്കെതിരേ കർശനമായ റിക്കവറി നടപടികൾ തുടരുമെന്നും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ അറിയിച്ചു.