ADVERTISEMENT
കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജില്‍ ജീവനൊടുക്കിയ രണ്ടാം വര്‍ഷ ബിവിഎസ്സി വിദ്യാർഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മാതാപിതാക്കള്‍ക്ക് ഏഴുലക്ഷം രൂപ നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഏറെക്കാലം പൂഴ്ത്തിവച്ച സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഉത്തരവിനു മുമ്പില്‍ പത്തി മടക്കി.
ദേശീയ മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശിച്ച ഏഴുലക്ഷം രൂപ നഷ്ടപരിഹാരം ഹൈക്കോടതിയില്‍ കെട്ടിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.സിദ്ധാര്‍ഥന്റെ അടുത്ത ബന്ധുക്കള്‍ക്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ദേശീയ മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
ഈ നിര്‍ദേശം പാലിക്കാത്തതില്‍ മനുഷ്യാവകാശ കമ്മീഷന് വീണ്ടും ഇടപെടുകയും ചീഫ് സെക്രട്ടറിയോടു വിശദീകരണം തേടുകയും ചെയ്തിരുന്നു. അതിനിടെ, മനുഷ്യാവകാശ കമ്മീഷന് ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
കഴിഞ്ഞദിവസം ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തുക അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവിറക്കി. ദേശീയ മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശിച്ച തുക 10 ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ കെട്ടിവയ്ക്കണമെന്നായിരുന്നു ഇടക്കാല വിധി.
ഇതനുസരിച്ച്, പൊതുഫണ്ടില്‍നിന്ന് ഏഴുലക്ഷം രൂപ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ പേരില്‍ ചെക്കായോ ഡിമാന്‍ഡ് ഡ്രാഫ്റ്റായോ കെട്ടിവയ്ക്കാനാണു സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. 2024 ഒക്ടോബര്‍ ഒന്നിനാണ് കുടുംബത്തിന് ഏഴു ലക്ഷം നല്കാന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം നല്‍കിയത്.
നിര്‍ദേശം നടപ്പാക്കാത്തതിനെത്തുടര്‍ന്ന് ജൂലൈ പത്തിന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നു മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിരുന്നു. 2024 ഫെബ്രുവരി 18നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ഥനെ പൂക്കോട് വെറ്ററിനറി കോളജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ റാഗിംഗിന് സിദ്ധാര്ഥന് ഇരയായിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരടക്കം 18 പേര് കേസില്‍ പ്രതികളാണ്.
Tags : sidharthan suicide case