ADVERTISEMENT
കൊച്ചി: അശ്ലീല രംഗങ്ങളില്‍ അഭിനയിക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു.
അന്വേഷണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് താരം ഹൈക്കോടതിയിൽ ഹർജി നൽകി. ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുമെന്നാണ് വിവരം. കേസ് അടിസ്ഥാനരഹിതമാണെന്നടക്കമുള്ള തരത്തില്‍ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ശ്വേത മേനോൻ കോടതിയെ സമീപിച്ചത്.
തനിക്കെതിരായി പരാതിക്കാരന് നല്കിയ ക്ലിപ്പുകള്‍ സെന്‍സര്‍ ചെയ്ത സിനിമകളിലേതെന്ന് കോടതിയെ അറിയിക്കാനാണ് നീക്കം. കുടുംബചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിയാണ് താനെന്നും ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നും ശ്വേത അറിയിക്കും. എന്നാല്‍ പോണ്‍സൈറ്റുകളില്‍ ചിത്രം കടന്നുവന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും കോടതിയോട് ആവശ്യപ്പെടും.
മാര്ട്ടിന് മേനാച്ചേരി എന്നയാളുടെ പരാതിയില്‍ എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ബുധനാഴ്ചയാണ് പോലീസ് കേസെടുത്തത്. അനാശാസ്യ നിരോധന നിയമപ്രകാരവും, ഐടി ആക്ട് പ്രകാരവുമാണ് കേസ്.
എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ആരംഭിച്ചു. കോടതി നിര്‍ദേശത്തെ തുടര്‍ന്നുള്ള കേസ് ആയതിനാല്‍ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ല. നേരിട്ട് കേസ് അന്വേഷണത്തിലേക്ക് കടന്നതായി പോലീസ് പറഞ്ഞു.
സിനിമയിലും പരസ്യങ്ങളിലും മറ്റും നഗ്നത പ്രദര്‍ശിപ്പിച്ച് അഭിനയിച്ചു, സമൂഹമാധ്യമങ്ങളിലൂടെയും വെബ്സൈറ്റുകളിലൂടെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് വരുമാനം നേടി തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉള്ളത്.
സാമ്പത്തിക ലാഭത്തിനുവേണ്ടി ഗൂഢ ഉദ്ദേശത്തോടെ സിനിമയിലും പരസ്യങ്ങളിലും നഗ്നത പ്രദര്‍ശിപ്പിച്ച് അഭിനയിച്ചു, സമൂഹമാധ്യമങ്ങളിലൂടെയും പോണ്സൈറ്റുകളിലൂടെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് വരുമാനം നേടിയെന്നുമാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം ശ്വേത മേനോന് താരസംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതുമായി തന്റെ പരാതിക്ക് ബന്ധമില്ലെന്ന് പരാതിക്കാരന് പറഞ്ഞു. നടിക്കെതിരെ താന്‍ മാര്‍ച്ചില്‍ ആണ് പരാതി നല്‍കിയത്. സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിട്ട് നടപടി ഉണ്ടാകാതിരുന്നതോടെ കോടതിയെ സമീപിക്കുകയായിരുന്നുവെന്നും മാര്ട്ടിന് പറഞ്ഞു.
Tags : Shweta Menon High Court