ADVERTISEMENT
തിരുവനന്തപുരം: പ്രഫഷണലിസം, പ്രതിബദ്ധത, ത്യാഗസന്നദ്ധത എന്നിവകൊണ്ട് കേരള പോലീസ് ഇന്ത്യയിലെ തന്നെ മികച്ച പോലീസ് സേനയാണെന്ന് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നും വിരമിച്ച ഡോ. ഷേക്ക് ദർവേഷ് സാഹിബ്. തിരുവനന്തപുരത്ത് നടന്ന വിരമിക്കൽ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള പോലീസിൽ ഒരു പരാതി പറഞ്ഞാൽ മറ്റേതൊരു സംസ്ഥാനത്തെക്കാളുമുപരി കാര്യക്ഷമമായ നടപടിയുണ്ടാകും. മികച്ച വിദ്യാഭ്യാസമുള്ള ഉദ്യോഗസ്ഥരാണ് കേരള പോലീസ് സേനയിലുള്ളത്. സൈബർ കുറ്റകൃത്യങ്ങൾ അടക്കമുള്ളവ തെളിയിക്കുന്ന കാര്യത്തിൽ സേനയ്ക്ക് ഇത് മുതൽക്കൂട്ടാകുന്നുണ്ട്. കേരള പോലീസിലെ എല്ലാ ഉദ്യോഗസ്ഥരും സമർപ്പിതരാണെന്നും അദ്ദേഹം പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങളും രാസലഹരിയുമാണ് സംസ്ഥാന പോലീസ് ഭാവിയിൽ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളികൾ. ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ പല നടപടികളും ആരംഭിച്ചു. പല കേസുകളും തെളിയിക്കാനുമായി. യൂണിഫോം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓരോ പോലീസ് ഉദ്യോഗസ്ഥനും രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടിയുള്ള സേവനത്തിൽ എപ്പോഴും മുന്നിലുണ്ടായിരിക്കണമെന്നും ദർവേഷ് സാഹിബ് പറഞ്ഞു.
പോലീസ് മേധാവി സ്ഥാനത്തു നിന്നു വിരമിച്ച ഡോ. ഷേക്ക് ദർവേഷ് സാഹിബിന് പോലീസ് സേന വിടവാങ്ങൽ പരേഡ് നൽകി. ഇന്നലെ രാവിലെ എസ്എപി ഗ്രൗണ്ടിലായിരുന്നു പരേഡ്.
Tags : sheikh darvesh saheb