ADVERTISEMENT
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ശബരിമല സന്നിധാനത്തക്ക് ട്രാക്ടറിൽ യാത്ര നടത്തിയ എഡിജിപി എം.ആർ. അജിത് കുമാറിന് സംസ്ഥാന പോലീസ് മേധാവിയുടെ താക്കീത്.
ചട്ടം ലംഘിച്ച് ശബരിമല സന്നിധാനത്ത് ട്രാക്ടർ യാത്ര നടത്തിയതായി സമ്മതിച്ച അജിത് കുമാറിനെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ കർശന താക്കീതും നൽകി. സംഭവത്തിൽ ഡ്രൈവറെ മാത്രം പ്രതിയാക്കി കേസെടുത്ത പോലീസ് നടപടിയിലെ അതൃപ്തിയും ഡിജിപി രേഖപ്പെടുത്തിയതായാണ് സൂചന.
വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ നടപടിക്ക് ശിപാർശയില്ല. തിങ്കളാഴ്ച ഇതു സംബന്ധിച്ചു സർക്കാരിന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകേണ്ടി വരും. എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ശബരിമല സന്നിധാനത്തേക്ക് സാധനങ്ങൾ കൊണ്ടുപോകാനാണ് ട്രാക്ടറുകൾ ഉപയോഗിക്കുന്നത്. അപകടമുണ്ടായതിനെത്തുടർന്ന് ട്രാക്ടറുകളിൽ ജനം യാത്ര ചെയ്യുന്നത് 2021 ൽ ഹൈക്കോടതി നിരോധിച്ചിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് എഡിജിപി അജിത് ട്രാക്ടറിൽ യാത്ര ചെയ്തത്.
ട്രാക്ടറിൽ മങ്കി ക്യാപ് ധരിച്ച് സഹായികളായ പോലീസുകാർക്ക് ഒപ്പമാണ് നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ, കഴിഞ്ഞ 12ന് രാത്രിയിലാണ് അജിത് സന്നിധാനത്ത് എത്തി ദർശനം നടത്തിയത്. അതേ ട്രാക്ടറിൽത്തന്നെ തിരിച്ചുമിറങ്ങി.
Tags : ADGP Ajithkumar