ADVERTISEMENT
തിരുവനന്തപുരം: പുനരുപയോഗ ഊർജത്തെ സംബന്ധിച്ചുള്ള 2025 ലെ കരട് റെഗുലേഷനിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ പൊതുതെളിവെടുപ്പ് ഇന്നു മുതൽ ആരംഭിക്കും. ഇന്ന് മുതൽ 11 വരെയാണ് ഓണ്‍ലൈനായി തെളിവെടുപ്പ് നടക്കുന്നത്. ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ നാളത്തെ തെളിവെടുപ്പ് 16-ാം തീയതിയിലേക്ക് മാറ്റിയതായി കമ്മീഷൻ അറിയിച്ചു.
തെളിവെടുപ്പ് ഓണ്‍ലൈനായാണ് നടക്കുന്നതെങ്കിലും പൊതുജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും 14 വരെ രേഖാമൂലം അറിയിക്കാൻ അവസരമുണ്ട്.
പുനരുപയോഗ ഊർജവും അനുബന്ധ കാര്യങ്ങളും സംബന്ധിച്ച 2020 ലെ ചട്ടങ്ങളുടെ കാലാവധി ഈ വർഷം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ കരട് രൂപീകരിച്ചത്. എന്നാൽ കരട് ചട്ടങ്ങളിലെ വ്യവസ്ഥകളിൽ സോളാർ ഉപയോക്താക്കൾ അടക്കമുള്ളവർക്ക് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വൈദ്യുതി ചെലവിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് പലരും പുരപ്പുറ സോളാർ സ്ഥാപിച്ചത്. എന്നാൽ പുതിയ നിയന്ത്രണങ്ങൾ വരുന്പോൾ സാന്പത്തികഭാരം വർധിക്കുമോ എന്ന ആശങ്കയിലാണ് ഇവർ.
സോളാർ ഉപയോക്താക്കൾക്കുള്ള നിലവിലെ നെറ്റ് മീറ്ററിംഗ് പരിധി 1000 കിലോവാട്ടാണ്. ഇത് മൂന്നു കിലോവാട്ടായി പരിമിതപ്പെടുത്തുന്നതാണ് കരടിലെ നിർദേശം. മൂന്ന് കിലോവാട്ടിനും അഞ്ച് കിലോവാട്ടിനും ഇടയിലുള്ള സൗരോർജ പ്ലാന്റുകളിൽ ബാറ്ററി സ്ഥാപിക്കണമെന്നും അല്ലെങ്കിൽ ഗ്രോസ് മീറ്ററിംഗിലേക്ക് മാറണമെന്നും കരടിൽ വ്യവസ്ഥയുണ്ട്.
പുരപ്പുറ സോളാറിൽ നിന്നും കെഎസ്ഇബിയിലേക്ക് നൽകുന്ന വൈദ്യുതിക്ക് പകരമായി അതേ അളവിൽ വൈദ്യുതി ഉപയോഗിക്കാമെന്നതാണ് നെറ്റ് മീറ്ററിംഗിന്റെ പ്രത്യേകത. എന്നാൽ ഗ്രോസ് മീറ്ററിംഗ് വന്നാൽ ചെറിയ തുകയ്ക്ക് സോളാർ വൈദ്യുതി കെഎസ്ഇബിക്ക് നൽകേണ്ടി വരും. തിരികെ വാങ്ങുന്ന വൈദ്യുതിക്ക് കൂടുതൽ വിലയും നൽകേണ്ടി വരും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സോളാർ ഉപയോക്താക്കളും കന്പനികളും അടക്കം പുതിയ റെഗുലേഷനെതിരേ അതിശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.
Tags : rooftop solar project