ADVERTISEMENT
മാനാഞ്ചിറ സ്ക്വയര്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: ചെലവു കുറഞ്ഞ കെട്ടിടങ്ങള്‍. ചെത്തിമിനുക്കിയ ചെങ്കല്ലും ഓടുകളും കൊണ്ടുള്ള നിര്‍മിതികള്‍. പ്രകൃതിയോട് ഇണങ്ങിയ പ്രോജക്ടുകള്‍. വേറിട്ട നിര്‍മാണ രീതികള്‍കൊണ്ട് രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ആര്‍ക്കിടെക്ടായിരുന്നു ഇന്നലെ വിടപറഞ്ഞ ആര്.കെ. രമേഷ്. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിനു ഡല്‍ഹിയില്‍ വീടു നിര്‍മിച്ചതും രമേഷിന്റെ രൂപകല്പനയിലാണ്. കോഴിക്കോട് നഗരത്തില്‍ തലയെടുപ്പോടെ നില്ക്കുന്ന മാനാഞ്ചിറ സ്ക്വയര്‍ മുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കോഴിക്കോട് ബീച്ചുവരെയുള്ള നിരവധി പ്രോജക്ടുകളില്‍ ആര്.കെ. രമേഷിന്റെ ഭാവന നിറഞ്ഞുനില്ക്കുന്നു. കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ നീളുന്നതാണ് അദ്ദേഹത്തിന്റെ വാസ്തുവിദ്യയുടെ ചാതുരി.
മാനാഞ്ചിറ സ്ക്വയര്‍ നിലനില്‍ക്കുന്ന കാലത്തോളം രമേഷ് എന്ന വാസ്തു ശില്പി ഓര്‍മിക്കപ്പെടും. നഗരമധ്യത്തിലെ വിശാലമായ ചിറ, വടക്കുഭാഗത്ത് അന്‍സാരി പാര്‍ക്ക്, കിഴക്ക് ഭാഗത്ത് ടാഗോര്‍ പാര്‍ക്ക്, തെക്ക് മൈതാനം, മൈതാനത്തിനും പാര്ക്കുകള്ക്കുമിടയിലൂടെ വാഹനങ്ങളോടുന്ന റോഡുകള്‍ ഇതെല്ലാം ചേര്‍ന്നതായിരുന്നു പഴയ മാനാഞ്ചിറപ്രദേശം.
ലോകനഗരങ്ങളിലുള്ളപോലെ ശുദ്ധവായു ലഭിക്കുന്ന പച്ചപ്പുള്ള തുറന്ന സ്ഥലം നഗരമധ്യത്തില്‍ വേണമെന്ന് അന്നത്തെ ജില്ലാ കളക്ടര്‍ അമിതാഭ് കാന്തിന്റെ മനസിലുദിച്ച ആശയത്തില്‍നിന്നാണ് ഇന്നത്തെ മാനാഞ്ചിറ സ്ക്വയറിന്റെ പിറവി. കളക്ടറുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ആര്‍ക്കിടെക്ട് ആര്.കെ. രമേഷ് മാനാഞ്ചിറ സ്ക്വയര്‍ രൂപകല്പന ചെയ്തു.
മിഠായിത്തെരുവിനെ ഇന്നത്തെ നിലയില്‍ കല്ലുവിരിച്ച് മനോഹരമാക്കിയതും രമേശിന്റെ ഭാവനയാണ്. കോഴിക്കോട് കടപ്പുറത്തിന്റെ മുഖച്ഛായ മാറ്റിമറിച്ചതും രമേഷിന്റെ ആശയങ്ങളാണ്. സരോവരം ബയോ പാര്‍ക്ക്, കാപ്പാട് വികസനം, കോര്പറേഷന് സ്റ്റേഡിയം, കെഎസ്ആര്‍ടിസി ടെര്‍മിനല്‍, കോര്പറേഷന് ഓഫീസ് വികസനം എന്നിവയിലെല്ലാം രമേഷിന്റെ കൈയൊപ്പുണ്ട്.
കോഴിക്കോടിനു പുറത്തും രമേഷിന്റെ ഓര്‍മകള്‍ ഇരമ്പുന്ന നിരവധി പ്രോജക്ടുകളുണ്ട്. ഗുരുവായൂരില്‍ ദേവസ്വം ബോര്‍ഡിന്റെ പൂന്താനം ഓഡിറ്റോറിയം ഡിസൈന്‍ ചെയ്തത് ആര്. കെ. രമേഷാണ്. മലപ്പുറം കോട്ടക്കുന്ന് പാര്‍ക്ക്, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് , ധര്‍മടം ദ്വീപിന്റെ വികസനം, മുഴുപ്പിലങ്ങാട് ബീച്ചിന്റെ വികസനം, കണ്ണൂരിലെ നായനാര്‍ അക്കാദമി, തിരുവനന്തപുരത്തെ കൈരളി ടവര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ്, കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ബസ് സ്റ്റേഷന് കം ഷോപ്പിംഗ് കോംപ്ലക്സ്, മലപ്പുറത്തെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍, ശിഹാബ് തങ്ങള്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി, മഞ്ചേരിയിലെ ഫുട്ബോള്‍ അക്കാദമി, സ്പോര്‍ട്സ് കോംപ്ലക്സ്, കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയം തുടങ്ങിയ നിരവധി അഭിമാനകരമായ പദ്ധതികള്‍ അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ടിന്റെ ആദ്യത്തെ ദേശീയ വാസ്തുവിദ്യാ പുരസ്കാരം, നിര്മാണ് പ്രതിഭ പുരസ്കാരം, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സിന്റെ ‘ഏറ്റവും ചെലവ് കുറഞ്ഞ വീടുകളുടെ മികവിനുള്ള’ അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തി. കേരള ലളിത കലാ അക്കാദമിയിലും കേരള സാഹിത്യ അക്കാദമിയിലും അംഗമായി കേരള സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിരുന്നു.