ADVERTISEMENT
പത്തനംതിട്ട: അധ്യയനവർഷത്തെ തസ്തിക നിർണയം നടത്തുന്നതിൽ ജൂൺ 30 വരെ ആധാർ ലഭിച്ച കുട്ടികളെക്കൂടി പരിഗണിക്കണമെന്നാവശ്യം തള്ളി വിദ്യാഭ്യാസ വകുപ്പ്. അധ്യാപക സംഘടന നേതാക്കന്മാരുടെ യോഗത്തിൽ ഇതു സംബന്ധിച്ച ആവശ്യം ഉയർന്നപ്പോൾ പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉറപ്പു നൽകിയിരുന്നു. എന്നാൽ അതനുസരിച്ചുള്ള ഉത്തരവ് ഇറക്കാതെ ആറാം പ്രവൃത്തിദിനത്തിൽ സാധുവായ ആധാർ കാർഡുള്ള കുട്ടികളുടെ എണ്ണം മാത്രം പരിഗണിച്ച് തസ്തിക നിർണയ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോകുകയാണ്. ജൂലൈ 11ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇറക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ പുനർവിന്യസിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിത്തുടങ്ങി.
ആറാം പ്രവൃത്തി ദിവസത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ 81 അധ്യാപകരെയും കാസർഗോട്ട് 42 പേരെയും പുനർവിന്യസിച്ചുകൊണ്ട് വിദ്യാഭ്യാസ ഡയറക്ടർമാർ ഉത്തരവ് ഇറക്കിക്കഴിഞ്ഞു. മറ്റു ജില്ലകളിൽ ഇന്നും നാളെയുമായി ഉത്തരവിറങ്ങും. സംസ്ഥാനത്തെ പല സ്കൂളുകളിലും ആറാം പ്രവൃത്തി ദിവസത്തിനു മുമ്പായി ആധാർ കാർഡ് ലഭിക്കാത്തതിന്റെ പേരിൽ നൂറുകണക്കിന് കുട്ടികളാണ് പട്ടികയിൽ ഉൾപ്പെടാതെ പോയത്. ഇതോടെ കുട്ടികളുടെ എണ്ണത്തിൽ കുറവ് ചൂണ്ടിക്കാട്ടിയാണ് അധ്യാപക തസ്തികകൾ നഷ്ടമാകുന്നത്.
അഞ്ചുവയസ് പൂർത്തിയായശേഷം ആധാർ കാർഡിന് അപേക്ഷ നൽകിയ പല കുട്ടികൾക്കും സാങ്കേതിക പ്രശ്നങ്ങൾ കാരണം യുഐഡി നന്പർ വൈകിയിട്ടുണ്ട്. കുട്ടികളുടെ യുഐഡി നന്പർ ലഭിക്കുന്നതിലുണ്ടായ കാലതാമസവും സ്കൂൾ തുറന്ന് അഞ്ചുദിവസത്തിനുള്ളിൽ ആധാർ കാർഡ് എടുക്കാനുണ്ടായ ബുദ്ധിമുട്ടും രക്ഷിതാക്കളടക്കം ചൂണ്ടിക്കാട്ടിയതാണ്.
ഇതോട നിരവധി അധ്യാപകരാണ് തസ്തിക നഷ്ടപ്പെട്ട് പുനർവിന്യസിക്കപ്പെടുന്നത്. ആധാർ കാർഡ് ഇല്ലാത്ത കുട്ടികൾക്ക് സ്കൂളിൽ പഠനം തുടരുന്നതിനു തടസമില്ല. സൗജന്യ ഭക്ഷണം, പാഠപുസ്തകം, യൂണിഫോം തുടങ്ങിയവ ഇവർക്ക് അനുവദിക്കുമെങ്കിലും തസ്തിക നിർണയത്തിന് പരിഗണിക്കുകയില്ല. ആധാർ കാർഡ് ലഭിക്കുന്നതിലെ സാങ്കേതിക തടസമുൾപ്പെടെ അധ്യാപക സംഘടനകളുടെ യോഗത്തിൽ ഉന്നയിച്ചപ്പോഴാണ് ജൂൺ 30 വരെ ആധാർ കാർഡ് ലഭിച്ച കുട്ടികളെ പരിഗണിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകിയത്. എന്നാൽ അതു പാഴ്വാക്കായി.
വിദ്യാഭ്യാസ മന്ത്രി നൽകിയ ഉറപ്പിന് വിരുദ്ധമായി ഇറക്കിയ ഉത്തരവുകൾ ഉടനെ പിൻവലിക്കണമെന്നും ജൂൺ 30 വരെ ലഭിച്ച ആധാർകാർഡുകൾ പരിഗണിക്കണമെന്നും കേരള ഗവൺമെന്റ് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെജിപിഎസ്എച്ച്എ ) സംസ്ഥാന പ്രസിഡന്റ് ബിജു തോമസ്, ജനറൽ സെക്രട്ടറി ഇ.ടി.കെ. ഇസ്മായിൽ എന്നിവർ ആവശ്യപ്പെട്ടു.
Tags :