ADVERTISEMENT
മലപ്പുറം: വാഹന പരിശോധനയ്ക്കിടെ ഡ്രൈവറുടെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. സംഭവം വിവാദമായതിനെ തുടർന്ന് പോലീസുകാരനെ മലപ്പുറം ആംഡ് ഫോഴ്സിലേക്ക് സ്ഥലം മാറ്റിയിരുന്നു.
മഞ്ചേരി ട്രാഫിക് പോലീസിലെ സിവിൽ പോലീസ് ഓഫീസർ നൗഷാദ് ആണ് മർദിച്ചത്. പൈത്തിനിപ്പറമ്പ് സ്വദേശി ചപ്പങ്ങക്കാട്ടിൽ ജാഫറിനാണ് മർദനമേറ്റത്.
എടിഎമ്മിൽ പണം നിറയ്ക്കുന്ന വാഹനത്തിലെ ഡ്രൈവറാണ് ജാഫർ. യൂണിഫോം ഷർട്ട് ധരിക്കാത്തതിന് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് പോലീസുകാരൻ ജാഫറിനെ മർദിച്ചത്.
മർദനത്തിന് പിന്നാലെ, ജാഫറിനെ ബലമായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും പരാതി ഇല്ലെന്ന് എഴുതി വാങ്ങിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ജാഫർ മലപ്പുറം എസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നൗഷാദിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ വകുപ്പ്തല നടപടി ഉണ്ടായേക്കാമെന്നും സൂചനയുണ്ട്.
Tags :