ADVERTISEMENT
കോഴിക്കോട്: കേരളത്തില്‍ പോക്സോ കേസുകള്‍ ഫലപ്രദമായി അന്വേഷിക്കുന്നതിനായി 20 പോലീസ് ജില്ലകളിലും നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 16 അംഗ പോലീസ് സംഘത്തെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സുപ്രീംകോടതിയുടെ 2019 നവംബറിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. പ്രത്യേക അന്വേഷണ സംഘം രുപവത്കരിക്കുന്നതിന്റെ ഭാഗമായി 2025 ഏപ്രിലില്‍ 304 തസ്തികകള്‍ രൂപവത്കരിച്ചിരുന്നു. നാര്‍ക്കോട്ടിക് സെല്ലുകള്‍ നിലവിലുള്ള 16 പോലീസ് ജില്ലകളില്‍ ഡിവൈഎസ്പി നാര്‍ക്കോട്ടിക് സെല്‍ ആന്‍ഡ് ജെന്‍ഡര്‍ ജസ്റ്റീസ് എന്നു പുനര്‍നാമകരണം ചെയ്ത് ഡിവൈഎസ്പിമാര്‍ക്ക് അധിക ചുമതല നല്കി.
നാര്‍ക്കോട്ടിക് സെല്‍ നിലവിലില്ലാത്ത തൃശൂര്‍ റൂറല്‍, തൃശൂര്‍ സിറ്റി, കൊല്ലം സിറ്റി, കൊല്ലം റൂറല്‍ എന്നിവിടങ്ങളില്‍ നാലു ഡിവൈഎസ്പി തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഡിവൈഎസ്പിയുടെ കീഴില്‍ രണ്ട് എസ്ഐ, രണ്ട് എഎസ്ഐ, ആറ് എസ്സിപിഒ, അഞ്ച് സിപിഒമാര്‍ എന്നിങ്ങനെയാണ് 16 അംഗ സംഘം രൂപവത്കരിച്ചിരിക്കുന്നത്. പോക്സോ കേസ് പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനത്തിനു ജൂണിയര്‍ സൂപ്രണ്ട്, സീനിയര്‍ ക്ലാര്‍ക്ക്, ക്ലാര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഡ്രൈവര്‍ തസ്തികകളും ആവശ്യമാണ്. എക്സിക്യൂട്ടീവ്, ടെക്നിക്കല്‍, ഭരണ വിഭാഗങ്ങളിലായി മൊത്തം 500 ഓളം പേര് പ്രത്യേക വിഭാഗത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമാണ്.
ഒരു വര്‍ഷം ശമ്പളത്തിനും മറ്റുമായി 21.68 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്ക്. പരാതികളിലുള്ള വര്‍ധനവും പോലീസുകാരുടെ കുറവും കാരണം മൊത്തത്തിലുള്ള കേസ് അന്വേഷണം ഇഴയുന്നതിനിടെ പോക്സോ കേസ് അന്വേഷണത്തിനു മാത്രമായി പ്രത്യേക സംഘം രൂപവത്കരിക്കുന്നതു നീതിനിര്‍വഹണം വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ.
നീതി ഇനി വേഗത്തില്‍:
ലൈംഗികാതിക്രമം, ലൈംഗിക പീഡനം, അശ്ലീലം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനും നീതിന്യായ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും കുട്ടികളുടെ താത്പര്യം സംരക്ഷിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ 2012ലാണ് ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്നുള്ള കുട്ടികളെ സംരക്ഷിക്കല്‍ നിയമം (പോക്സോ) നടപ്പാക്കിയത്.
കുറ്റവാളികള്‍ക്ക് ശിക്ഷയും ഇരകള്‍ക്ക് നഷ്ടപരിഹാരവും നിയമം ഉറപ്പാക്കുന്നു. പ്രത്യേക കോടതികള്‍ വഴി കുറ്റകൃത്യങ്ങളുടെ വേഗത്തിലുള്ള വിചാരണയ്ക്കും പോക്സോ വ്യവസ്ഥ ചെയ്യുന്നുണ്ട്.
കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ശിശു സൗഹൃദ അന്തരീക്ഷത്തിലാണ് പോലീസ് പരാതി രേഖപ്പെടുത്തേണ്ടത്. കുട്ടിക്ക് പരിചരണവും സംരക്ഷണവും ആവശ്യമുണ്ടോ എന്ന് വിലയിരുത്തണം.
അടിയന്തര വൈദ്യ പരിചരണവും വൈദ്യ പരിശോധനയും താമസംവിനാ ലഭ്യമാക്കണം. മജിസ്ട്രേറ്റിന്റെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കണം. പ്രത്യേക കോടതിയിലും ശിശുക്ഷേമ സമിതിയിലും കേസ് റിപ്പോര്‍ട്ട് ചെയ്യണം.
ലോക്കല്‍ പോലീസ് നടത്തുന്ന പോക്സോ കേസ് അന്വേഷണത്തില്‍ ഇത്തരം നടപടികളില്‍ പലപ്പോഴും വീഴ്ചയും കാലതാമസവുമുണ്ടാകാറുണ്ട്. പ്രത്യേക അന്വേഷണ സംഘം വരുന്നതോടെ ഇത്തരം പരാതികള്‍ക്കു കുറവുണ്ടാകും.
Tags : POCSO case police