ADVERTISEMENT
പത്തനംതിട്ട: യൂത്ത് കോൺഗ്രസിനെതിരേ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി.ജെ.കുര്യന് നടത്തിയ വിമര്‍ശനങ്ങളെ ന്യായീകരിച്ച് രമേശ് ചെന്നിത്തല. പി.ജെ.കുര്യന്റെ വാക്കുകള്‍ മുതിര്‍ന്ന നേതാവിന്റെ ഉപദേശമായി കണ്ടാല്‍ മതിയെന്ന് ചെന്നിത്തല പ്രതികരിച്ചു.
പി.ജെ.കുര്യന്റെ പരാമര്‍ശങ്ങള്‍ കുറ്റപ്പെടുത്തലല്ല, കോണ്‍ഗ്രസ് കൂടുതല്‍ സജീവമാകേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ്. സദുദ്ദേശ്യപരമായ വാക്കുകളായാണ് അതിനെ കാണുന്നത്.
അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കും. തെറ്റുണ്ടെങ്കില്‍ തിരുത്തും. കേരളത്തില്‍ ഭരണ സംവിധാനം തകര്‍ന്ന അവസ്ഥയാണ്. ഇതിന് എതിരെ എത്ര സമരം ചെയ്താലും പോരെന്ന് തോന്നും ഇക്കാര്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയതെന്ന് ചെന്നിത്തല പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിമര്‍ശനത്തിന് പിന്നാലെ പി.ജെ.കുര്യന് എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായ സൈബര്‍ ആക്രമണത്തെ കാര്യമാക്കേണ്ടതില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പുകഴ്ത്തിയുമുള്ള പി.ജെ.കുര്യന്റെ പരാമർശം. സർവകലാശാല സമരങ്ങളിൽ ഉൾപ്പെടെ എസ്എഫ്ഐ ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നുവെന്ന് കുര്യൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ കാണാമെന്നും ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ലെന്നും കുര്യൻ വിമർശിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ ഉൾപ്പെടെ വേദിയിലിരുത്തിയായിരുന്നു വിമർശനം.
Tags : pj kurien Ramesh Chennithala