ADVERTISEMENT
കൊച്ചി: സംസ്ഥാനത്ത് സമഗ്ര നദീതട സംരക്ഷണ മേല്‍നോട്ട കര്‍മപദ്ധതിയുമായി ബന്ധപ്പെട്ട് വിജ്ഞാപനം പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നദീജല സംരക്ഷണത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായ പരമോന്നത സമിതിയടക്കം വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കര്‍മപദ്ധതി എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്നു വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കാനും ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്കി. പെരിയാര്‍ നദിയിലെ മലിനീകരണം തടയണമെന്നതടക്കം ആവശ്യപ്പെടുന്ന ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
പെരിയാറിനായി പ്രത്യേക മേല്‍നോട്ട അഥോറിറ്റിയാണ് ഉചിതമെന്നും ഇതില്‍ നിലപാടറിയിക്കണമെന്നും കോടതി നേരത്തേ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ റിവര്‍ ബേസിന് പ്ലാന്‍ വിജ്ഞാപനം ചെയ്ത സാഹചര്യത്തില്‍ പെരിയാറിനു മാത്രമായി അഥോറിറ്റി പരിഗണനയിലില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പെരിയാര്‍ പുനരുദ്ധരിക്കേണ്ടത് വരുംതലമുറകളോടു ചെയ്യേണ്ട നീതിയാണെന്ന് കോടതി പറഞ്ഞു. കൊച്ചിയുടെ ജലധാരയാണ് ഈ നദി. നഗരത്തില്‍ കുടിവെള്ളമെത്തുന്നത് പെരിയാറില്‍നിന്നാണ്. നദി മലിനമായി തുടരുന്നത് പൊതുജനാരോഗ്യത്തില്‍ ദീര്‍ഘകാല പ്രത്യാഘാതമുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.