ADVERTISEMENT
കൊല്ലം: മംഗലാപുരം - കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) ഈ മാസം നാല്, എട്ട് തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. കന്യാകുമാരി വരെ സർവീസ് നടത്തില്ല.
തിരികെയുള്ള സർവീസ് (16650) അഞ്ച്, ഒമ്പത് തീയതികളിൽ രാവിലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുക. സമയക്രമത്തിൽ മാറ്റമൊന്നും ഇല്ല. തിരുവനന്തപുരത്തിനും കന്യാകുമാരിക്കും മധ്യേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ ക്രമീകരണമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
പാലരുവി ജനറൽ കോച്ച്: തീരുമാനം റെയിൽവേ മരവിപ്പിച്ചു
കൊല്ലം: തൂത്തുക്കുടി - പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസിൽ ( 16791/16792) നിന്ന് ഒരു ജനറൽ കോച്ച് കുറയ്ക്കാനുള്ള തീരുമാനം റെയിൽവേ താത്കാലികമായി മരവിപ്പിച്ചു. ഈ ട്രെയിനിൽ നിലവിൽ 11 സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ ആണ് ഉള്ളത്. ഇത് നാളെ മുതൽ 10 ആയി കുറച്ചശേഷം പകരം ഒരു എസി ത്രീ ടയർ കോച്ച് ഉൾപ്പെടുത്താനായിരുന്നു തീരുമാനം. കഴിഞ്ഞ 30നാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്.
ഇത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ താത്കാലികമായി മരവിപ്പിച്ചതായി തിരുവനന്തപുരം ഡിവിഷണൽ ഓഫീസിലെ ഓപ്പറേറ്റിംഗ് വിഭാഗം അധികൃതർ അറിയിച്ചു.സാങ്കേതിക കാരണങ്ങളാൽ തീരുമാനം മരവിപ്പിക്കുന്നു എന്നാണ് റെയിൽവേയുടെ വിശദീകരണം.
Tags : parasuram express