ADVERTISEMENT
പാലക്കാട്: ത്രീ സ്റ്റാർ ഹോട്ടൽ കെട്ടിടത്തിന് ഫയർ എൻഒസി പുതുക്കി നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ ഫയർ സ്റ്റേഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തു. പാലക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ ഹിതേഷിനെ ആണ് വിജിലൻസ് നിർദ്ദേശ പ്രകാരം സസ്പെൻഡ് ചെയ്തത്.
പാലക്കാട് ജിബി റോഡിലുള്ള കല്യാൺ ടൂറിസ്റ്റ് ഹോമിന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിൽ നിന്നുള്ള ത്രീ സ്റ്റാർ കാറ്റഗറി സർട്ടിഫിക്കറ്റ് പുതുക്കാനുള്ള ഫയർ എൻഒസിക്കാണ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്. ഹോട്ടൽ കെട്ടിടത്തിന്റെ ഉടമ മെയ് മാസം അവസാനമാണ് ഫയർ എൻഒസിക്കായി ഉദ്യോഗസ്ഥനെ സമീപിച്ചത്. എന്നാൽ സർട്ടിഫിക്കറ്റ് ലഭിച്ചില്ല.
തുടർന്ന് ജൂൺ അഞ്ചിന് വീണ്ടും എത്തി. ആദ്യം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ 75000 രൂപയെങ്കിലും വേണമെന്ന് വാശിപിടിച്ചു. പണം ആരുടെയെങ്കിലും കൈവശം കൊടുത്തുവിട്ടാൽ മതിയെന്നും പണം ലഭിച്ചാൽ ഉടൻ തന്നെ സർട്ടിഫിക്കറ്റ് നൽകാമെന്നും ഉദ്യോഗസ്ഥൻ കെട്ടിട ഉടമയോട് പറഞ്ഞാതായാണ് പരാതി. വിവരം വിജിലൻസിനെ അറിയിച്ച പരാതിക്കാരൻ ഇത് സംബന്ധിച്ച തെളിവുകളും കൈമാറിയിരുന്നു.
പരാതി പരിശോധിച്ച വിജിലൻസിന് ആരോപണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. അഗ്നിശമനസേന ഇന്റേണൽ വിജിലൻസ് ആൻഡ് ഇന്റലിജൻസിന്റെ ജില്ലാ ചുമതലക്കാരൻ കൂടിയാണ് ഹിതേഷ്.
Tags :