ADVERTISEMENT
ജിജേഷ് ചാവശേരി
മട്ടന്നൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ പി. സദാനന്ദൻ രാജ്യസഭാ എംപിയാകുന്പോൾ രക്തരൂഷിതമായിരുന്ന കണ്ണൂർ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന പ്രതീകമാണു പാർലമെന്റിലെത്തുന്നത്. മട്ടന്നൂർ പെരിഞ്ചേരി സ്വദേശിയായ പി. സദാനന്ദൻ 1994ൽ ആർഎസ്എസ് കണ്ണൂർ ജില്ലാ കാര്യവാഹകായി പ്രവർത്തിക്കുന്നതിനിടെയാണ് ആക്രമണത്തിനിരയായി രണ്ടു കാലും നഷ്ടപ്പെട്ടത്.
ഉരുവച്ചാലിൽ വച്ച് രാഷ്ട്രീയ എതിരാളികൾ ഇദ്ദേഹത്തിന്റെ രണ്ടു കാലുകളും വെട്ടിമാറ്റുകയായിരുന്നു. ഏറെക്കാലത്തെ ചികിത്സയ്ക്കുശേഷം കൃത്രിമക്കാലുകളുടെ സഹായത്താൽ ഇപ്പോഴും സാമൂഹിക, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാണ്. പെരിഞ്ചേരിയിലെ കുഞ്ഞിരാമൻ നമ്പ്യാർ- ദേവി ദമ്പതികളുടെ മകനാണ്. പെരിഞ്ചേരി ദേവർക്കാട് നവനീതത്തിലാണു താമസം.
2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കൂത്തുപറമ്പ് മണ്ഡലത്തിൽനിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മട്ടന്നൂർ നഗരസഭയിലെ കുഴിക്കൽ എൽപി സ്കൂൾ, തൃശൂർ പേരാമംഗലം ശ്രീദുർഗവിലാസം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. കുറച്ചുകാലം ജന്മഭൂമി ദിനപത്രത്തിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ ആകാശവാണിയിൽ കാഷ്വൽ അനൗൺസറായും പ്രവർത്തിച്ചിരുന്നു. 21 വർഷത്തെ അധ്യാപക സേവനത്തിനു ശേഷം 2020 ഏപ്രിൽ 30നാണ് സർവീസിൽനിന്നു വിരമിച്ചത്.
17 വയസ് മുതൽ നെഹ്റു യുവക് കേന്ദ്രയുമായും മറ്റു ദേശീയ സംഘടനകളുമായും സഹകരിച്ചു പ്രവർത്തിച്ചുവന്ന പി. സദാനന്ദൻ 1984 മുതൽ ആർഎസ്എസ്പ്രവർത്തകനാണ്. ആർഎസ്എസിന്റെ സഖാഗത് നായക്, മട്ടന്നൂർ മണ്ഡലം കാര്യവാഹക്, കൂത്തുപറമ്പ് താലൂക്ക് കാര്യവാഹക്, കണ്ണൂർ ജില്ലാ സഹ കാര്യവാഹക്, കോഴിക്കോട് മഹാനഗർ ബൗദ്ധിക് പ്രമുഖ്, തൃശൂർ മഹാനഗർ ബൗദ്ധിക് പ്രമുഖ്, എറണാകുളം വിഭാഗ് ബൗദ്ധിക് പ്രമുഖ് എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ അധ്യാപക സംഘടനയായ എൻടിയു മുൻ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു.
കൂത്തുപറന്പ് സെന്റ് മേരീസ് കോളജിൽനിന്ന് ബികോം ബിരുദം നേടി. തുടർന്ന് തേസ്പുരിൽനിന്ന് ടിടിഐ ഡിപ്ലോമയും സോഷ്യൽ സയൻസിൽ ബിഎഡും നേടി. ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. റിട്ട. മലയാളം അധ്യാപിക വനിതാ റാണിയാണു ഭാര്യ. തിരുവനന്തപുരത്ത് അസി. പ്രഫസറായി ജോലി ചെയ്യുന്ന യമുനഭാരതി ഏകമകളാണ്.
സി. സദാനന്ദൻ കൂടി പാർലമെന്റിലെത്തുന്നതോടെ കണ്ണൂരിൽനിന്നുള്ള എംപിമാരുടെ എണ്ണം ഏഴായി ഉയരും. നിലവിൽ കെ. സുധാകരൻ, കെ.സി. വേണുഗോപാൽ, എം.കെ. രാഘവൻ എന്നിവർ ലോക്സഭയിലുണ്ട്. ജോൺ ബ്രിട്ടാസ്, പി. സന്തോഷ്കുമാർ. വി. ശിവദാസൻ എന്നിവർ രാജ്യസഭാംഗങ്ങളുമാണ്.
Tags :