ADVERTISEMENT
പത്തനംതിട്ട: എസ്എഫ്ഐയെ പുകഴ്ത്തിയും യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗം പ്രഫ. പി.ജെ. കുര്യന് നടത്തിയ പരാമര്‍ശങ്ങള്‍ക്കു മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തന്നെ കുര്യന്റെ പേരു പരാമര്‍ശിക്കാതെ മറുപടി നല്‍കിയതിനൊപ്പം പ്രസംഗത്തിലെ പരാമര്‍ശത്തെ എതിര്‍ത്ത് പല കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നു.
കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത കോണ്‍ഗ്രസ് സമര സംഗമം ഉദ്ഘാടന വേദിയിലാണ് പി. ജെ. കുര്യന്റെ വിമര്‍ശനം ഉയര്‍ന്നത്.
എസ്എഫ്ഐ ക്ഷുഭിതയൗവനത്തെ കൂടെനിര്‍ത്തുകയാണെന്നും എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ടിവിയില്‍ കാണാമെന്നും പി.ജെ. കുര്യന് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വേദിയിലിരിക്കവേയായിരുന്നു പി.ജെ. കുര്യന്റെ പരാമര്‍ശം. യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റുണ്ട്. അദ്ദേഹത്തെ വല്ലപ്പോഴുമൊക്കെ ടിവിയിലൊക്കെ കാണും. എന്തുകൊണ്ട് ഓരോ മണ്ഡലത്തിലും പോയി ചെറുപ്പക്കാരെ വിളിച്ചുകൂട്ടുന്നില്ല.
ഒരു മണ്ഡലത്തില്‍ 25 പേരെ എങ്കിലും വിളിച്ചുകൂട്ടാനാകണം. എസ്എഫ്ഐയുടെ സമരം നിങ്ങള്‍ കണ്ടില്ലേ. യൂണിവേഴ്സിറ്റിയില്‍ ചെന്ന്, അഗ്രസീവായ യൂത്തിനെ അവര്‍ അവരുടെ കൂടെനിര്‍ത്തുന്നു- പി.ജെ. കുര്യന് പറഞ്ഞു.പി.ജെ. കുര്യന്റെ വാക്കുകള്‍ ഇന്നലെ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനു പിന്നാലെ വിഷയത്തില്‍ ഇടപെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കുര്യന്റെ പരാമര്‍ശങ്ങളെ തള്ളി. യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലി കുര്യന് ശരിയായി മനസിലാക്കാത്തതു കൊണ്ടാണ് അത്തരത്തില്‍ പരാമര്‍ശം നടത്തിയതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനെ ഇന്നലെ പോലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്ക് പേജിലിട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പി.ജെ. കുര്യന്റെ വിമര്‍ശനത്തിനു മറുപടിയുമായി എത്തി.
കണ്ണുള്ളവര്‍ കാണട്ടെ, കാതുള്ളവര്‍ കേള്‍ക്കട്ടെ എന്നാണ് രാഹുലിന്റെ പോസ്റ്റ്. ബഹുമാന്യനായ കുര്യന് സാര്‍ എന്നാണ് തങ്ങള്‍ വിളിച്ചിരുന്നതെന്നും ഇനി അങ്ങനെ വിളിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ജിതിന്റെ പോസ്റ്റും വന്നു.
പോലീസിന്റെ ഒരു പിടിച്ചുതള്ളല്‍ പോലും കുര്യനു കിട്ടിയിട്ടില്ലെന്നും ജിതിന് പറഞ്ഞു. പഴയ കേസുകള്‍ കുര്യന് ഓര്‍ക്കണമെന്ന് മഹിള കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റു വന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ടിവിയില്‍ വരുന്നത് പീഡനക്കേസില്‍ പ്രതിയായിട്ടല്ലെന്നും വനിതാ നേതാവ് പോസ്റ്റിൽ പറഞ്ഞു.
Tags : P.J. Kurian