ADVERTISEMENT
തിരുവനന്തപുരം: വിപണിയിൽ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. വെളിച്ചെണ്ണ നിർമാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സ്പെഷ്യൽ ഡ്രൈവായ ഓപ്പറേഷൻ നാളികേര നടത്തിയത്.
വെളിച്ചെണ്ണയുടെ വില കൂടുന്ന സാഹചര്യത്തിൽ മായം ചേർത്ത വെളിച്ചെണ്ണ വിപണിയിലെത്താവുന്ന സാഹചര്യം മുന്നിൽ കണ്ടാണ് പരിശോധനകൾ കർശനമാക്കിയത്. മായം ചേർത്ത വെളിച്ചെണ്ണയുടെ വിൽപനയ്ക്കെതിരെ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി അഭ്യർഥിച്ചു.
സംസ്ഥാനത്താകെ 980 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 25 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. വിവിധ കാരണങ്ങളാൽ ഏഴ് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. 161 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 277 സർവൈലൻസ് സാമ്പിളുകളും തുടർ പരിശോധനകൾക്കായി ശേഖരിച്ചു.
വെളിച്ചെണ്ണയുടെ ഗുണനിലവാരത്തിൽ സംശയം തോന്നിയാൽ ഭക്ഷ്യ സുരക്ഷാ പരാതി ടോൾ ഫ്രീ നമ്പറായ 1800 425 1125 ൽ വിവരം അറിയിക്കണം.
Tags : operation naalikera